LiveTV

Live

Kerala

തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കാന്‍ സി.പി.ഐ

സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സി.പി.ഐയുടെ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നു.

തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കാന്‍ സി.പി.ഐ

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലുണ്ടാകും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സി.പി.ഐയുടെ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നു.

തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി നല്‍കാന്‍ ജില്ലാ നേതൃത്വങ്ങളോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ചേരുന്നത്. തിരുവനന്തപുരം മണ്ഡലത്തിലേക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി ദിവാകരന്‍, ജി.ആര്‍ അനില്‍ എന്നിവരുടെ പേരുകളാണ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ തവണ പേയ്‌മെന്റ് സീറ്റ് വിവാദം ഉണ്ടായത് കൊണ്ട് രാഷ്ട്രീയ സ്ഥാനാര്‍ത്ഥി തന്നെ തിരുവനന്തപുരത്ത് വേണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു.അതിന്റെ അടിസ്ഥാസ്ഥനത്തിലാണ് കാനത്തിന്റെ പേരിന് പ്രഥമ പരിഗണന നല്‍കി ജില്ലാ കൗണ്‍സില്‍ പട്ടിക തയ്യാറാക്കിയത്.

ആനി രാജ, ബിനോയ് വിശ്വം എന്നിവരുടെ പേരുകളും തിരുവനന്തപുരത്ത് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്. മാവേലിക്കരയിലേക്ക് എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സി.എ അരുണ്‍കുമാര്‍. നിയമസഭാ ഡെപ്യൂട്ടീ സ്പീക്കര്‍ വി.ശശി അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ എന്നീ പേരുകളും ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മാവേലിക്കര മണ്ഡലം കൊല്ലം, കോട്ടയം ജില്ലകളുടെ ചില ഭാഗങ്ങള്‍കൂടി ഉള്‍പ്പെട്ടതായതിനാല്‍ പ്രസ്തുത ജില്ലാ കൗണ്‍സിലുകളുടെ അഭിപ്രായംകൂടി പരിഗണിച്ചായിരിക്കും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കുന്നത്.

സിറ്റിംങ് എം.പി സി.എന്‍ ജയദേവന്‍, കെ.പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളാണ് തൃശൂര്‍ മണ്ഡലത്തിലേക്ക് ജില്ലാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും മൂന്നംഗ പാനല്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കി. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, പി.പി സുനീര്‍ എന്നീ പേരുകളാണ് പാനലിലുള്ളത്. സത്യന്‍ മൊകേരിക്കാണ് പ്രഥമ പരിഗണന. മൂന്ന് നാല് തീയതികളില്‍ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങളിലായിരിക്കും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.