LiveTV

Live

Kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

കൊല്ലം ചവറയിൽ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ജയിൽ വാർഡൻ വിനീത് അറസ്റ്റിൽ. ആള് മാറി മർദനമേറ്റ ഐ.ടി.ഐ വിദ്യാർഥി രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. സി.പി.എം നേതാവിന്റെ മകളെ ശല്യം ചെയ്തെന്നാരോപിച്ചാണ് രഞ്ജിത്തിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 14ന് രാത്രിയാണ് ഒരു സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദിച്ചതെന്നും സംഘത്തില്‍ ആറ് പേരുണ്ടായിരുന്നെന്നും പ്രധാന സാക്ഷി രവി പറഞ്ഞു.

മുഖ്യപ്രതിയായ ജയിൽ വാർഡൻ വിനീതിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. പോസ്റ്റ് മോർട്ടം നടപടികൾക്ക്‌ ശേഷം രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് അരിനെല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.