LiveTV

Live

Kerala

സീറ്റ് വിഭജനം: യു.ഡി.എഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ വീണ്ടും തുടങ്ങും

മുസ്‍ലിം ലീഗുമായി കോണ്‍ഗ്രസ് നേതൃത്വം നാളെ കോഴിക്കോട് ചര്‍ച്ച നടത്തും. ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന മുന്‍ നിലപാടില്‍...

സീറ്റ് വിഭജനം: യു.ഡി.എഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ വീണ്ടും തുടങ്ങും

ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിലെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാവും. മുസ്‍ലിം ലീഗുമായി കോണ്‍ഗ്രസ് നേതൃത്വം നാളെ കോഴിക്കോട് ചര്‍ച്ച നടത്തും. ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രശ്ന പരിഹാരത്തിനായി ചില ഫോര്‍മുലകള്‍ മുന്നോട്ട് വെയ്ക്കും. ലീഗുമായി നാളെ ധാരണയിലാകുമെങ്കിലും പ്രഖ്യാപനം കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമേ നടക്കാന്‍ സാധ്യതയുള്ളൂ.

അവസാനം വരെ മൂന്നാം സീറ്റിനായി നിലകൊണ്ടു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ലീഗ് ശ്രമം. ഇതിലൂടെ അണികളേയും സമസ്ത അടക്കമുള്ളവരേയും തൃപ്തിപെടുത്താനാവുകയും ചെയ്യും. കോണ്‍ഗ്രസാണെങ്കില്‍ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ടതിന്റെ ആവശ്യകത ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ രാജ്യസഭാ സീറ്റും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകളും എന്ന ഫോര്‍മുലയില്‍ ലീഗുമായി ധാരണയുണ്ടാക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമം. ഇക്കാര്യത്തില്‍ നാളെ തന്നെ ധാരണയാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും വേണ്ടതില്ലെന്ന ധാരണ ലീഗ് നേതാക്കള്‍ക്കിടയിലും ഉണ്ട്. പക്ഷേ കേരള കോണ്‍ഗ്രസില്‍ ജോസഫ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം തീയതി അവരുമായുള്ള ചര്‍ച്ച കൂടി പൂര്‍ത്തീകരിച്ച ശേഷമായിരിക്കും പ്രഖ്യാപനം. കേരള കോണ്‍ഗ്രസിനും അധിക സീറ്റ് ഉണ്ടാകുകയില്ല. ഇത് അവരുടെ പാര്‍ട്ടിയില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടാല്‍ പോലും പി.ജെ ജോസഫ് മുന്നണിക്ക് ഒപ്പം തന്നെ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.