LiveTV

Live

Kerala

സ്വാശ്രയ മെഡിക്കല്‍ ഫീസ് കൂടും; മാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ഫീസ് കൂട്ടണമെന്ന സ്വാശ്രയ മാനേജ്മെന്‍റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് മാസത്തിനകം ഫീസ് പുതുക്കി നിശ്ചയിക്കാന്‍..

സ്വാശ്രയ മെഡിക്കല്‍ ഫീസ് കൂടും; മാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തിനുള്ളിൽ ഫീസ് ഘടന നിശ്ചയിക്കണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയ്ക്ക് കോടതി നിർദ്ദേശം നൽകി. അതു വരെ നിലവിലെ ഫീസ് തുടരും. ഇതോടെ എം.ബി.ബി.എസ് ഫീസ് വർധിച്ചേക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഫീസ് വർദ്ധനയാവശ്യപ്പെട്ട് 21കോളേജുകളാണ് കോടതിയെ സമീപിച്ചത്. 11 മുതൽ 15 ലക്ഷം രൂപ വരെ ഫീസ് വർധിപ്പിക്കമെന്നായിരുന്നു ആവശ്യം. നൂറിലേറെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഹരജിയിൽ കക്ഷി ചേർന്നിരുന്നു. ഫീസ് ഘടന നിശ്ചയിച്ച രാജേന്ദ്രബാബു കമ്മിറ്റിയിലെ അംഗങ്ങൾ എല്ലാവരും യോഗം ചേർന്നിരുന്നില്ലെന്ന മാനേജ്മെന്റ് വാദം ഡിവിഷൻ ബഞ്ച് അംഗീകരിച്ചു. പൂർണ കോറത്തോടെ രണ്ടു മാസത്തിനുള്ളിൽ കമ്മിറ്റി വീണ്ടും ചേർന്ന് വരവുചെലവുകൾ വിലയിരുത്തി ഫീസ് ഘടന പുനർ നിശ്ചയിക്കണം. അതു വരെ നിലവിലെ ഫീസ് തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2017-18 വർഷത്തിലെ ശരാശരി ഫീസ് 4.85 ലക്ഷവും 2018-19ൽ 5.65 ലക്ഷവുമാണ് നിശ്ചയിച്ചിരുന്നത്.

മെഡിക്കൽ സ്ഥാപനങ്ങളിലെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനങ്ങൾക്കാണെന്ന് വിധിയിൽ വ്യക്തമാക്കുന്നു. എന്നാൽ സ്ഥാപനങ്ങൾ നിശ്ചയിച്ചിരുന്ന ഫീസ് ഘടന കമ്മിറ്റിയ്ക്ക് നിയന്ത്രിയ്ക്കാം. ലാഭമുണ്ടാക്കാൻ, തലവരി പണം, ചൂഷണം എന്നിവ ഒഴിവാക്കണം. സ്ഥാപനങ്ങൾ കമ്മിറ്റിയുമായി സഹകരിയ്ക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.