കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജിന് വീണ്ടും നോട്ടീസ്
ദേവികുളം സബ് കലക്ടര്‍ രേണു രാജിന്റെതാണ് നടപടി. നേരിട്ട് ഹാജരാകേണ്ടതില്ലെന്ന അനുകൂല വിധി ഹൈക്കോടതിയില്‍ നിന്ന് ജോയ്സ് ജോര്‍ജ് സമ്പാദിച്ചിരുന്നു.

കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന് വീണ്ടും നോട്ടീസ്. ദേവികുളം സബ് കലക്ടര്‍ രേണു രാജിന്റെതാണ് നടപടി. നേരിട്ട് ഹാജരാകേണ്ടതില്ലെന്ന അനുകൂല വിധി ഹൈക്കോടതിയില്‍ നിന്ന് ജോയ്സ് ജോര്‍ജ് സമ്പാദിച്ചിരുന്നു. അഭിഭാഷകന് മുഖേന മാര്‍ച്ച് ഏഴിന് ഭൂമിയുടെ രേഖകള്‍ ഹാജരാക്കണം.
കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്റെ പേരിലുളള വിവാദ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആറാം തവണയാണ് ദേവികുളം സബ് കലക്ടര്‍ നോട്ടീസ് അയക്കുന്നത്. സബ് കലക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമനും വി.ആര് പ്രേകുമാറും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് കാട്ടി നോട്ടീസുകള്‍ നല്‍കിയിരുന്നു. മുന്‍പ് അയച്ച നോട്ടീസില്‍നിന്ന് വിഭിന്നമായി എം.പി നേരിട്ട് ഹാജരാകേണ്ടതില്ലെന്നാണ് ഇത്തവണ നോട്ടീസിന്റെ ഉള്ളടക്കം. ഇത് സംബന്ധിച്ച് ജോയ്സ് ജോര്‍ജ് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ പട്ടയത്തിലെ ക്രമക്കേടും പട്ടയ നടപടികള്‍ ഹാജാരാക്കുന്നതിലുള്ള നിസഹകരണവും കണക്കിലെടുത്താണ് വി.ആര് പ്രേംകുമാര്‍ നേരത്തെ പട്ടയം റദ്ദാക്കിയത്.
എന്നാല്‍ പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് എം.പി ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ അനുകൂല നടപടിയുണ്ടായി. പിന്നീട് നടപടിക്രമങ്ങള്‍ പാലിച്ച് വി.ആര് പ്രേംകുമാര്‍ വീണ്ടും നോട്ടീസ് അയച്ചെങ്കിലും എം.പി ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിക്കുകയായിരുന്നു. രേഖകള്‍ ഹാജരാക്കണമെന്ന് സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കിയതിനെതുടര്‍ന്ന് ജോയ്സ് ജോര്‍ജ് എം.പി ഹൈക്കോടതിയെ സമീപിച്ചു. ഒരു മാസക്കാലം സ്റ്റേ അനുവദിച്ച കോടതി ഇപ്പോള്‍ എം.പി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഉത്തരവിട്ടു. കോടതി നല്കിയ കാലാവധി അവസാനിച്ചതോടെയാണ് ജോയ്സ് ജോര്‍ജ് എം.പിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ സബ് കലക്ടര്‍ രേണുരാജ് നോട്ടീസ് അയച്ചത്.