LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല: പ്രതി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം കണ്ടെത്തി

ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറും ഇന്നോവയും ഒരു ജീപ്പുമാണ് വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. സ്വിഫ്റ്റ് കാര്‍ അറസ്റ്റിലായ ഗിജിന്റെയും ഇന്നോവയും ജീപ്പും ഗിജിന്റെ അച്ഛന്‍ ശാസ്ത ഗംഗാധരന്റെയുമാണ്.

പെരിയ ഇരട്ടക്കൊല: പ്രതി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം കണ്ടെത്തി

പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതി ഗിജിന്‍ കൃത്യം നടക്കുന്ന സമയത്ത് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം കണ്ടെത്തി. ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും വാഹനങ്ങള്‍ പരിശോധിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാരസമരത്തിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.

ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള കണ്ണാടിപ്പാറയില്‍ നിന്നാണ് രണ്ട് വാഹനങ്ങള്‍ കണ്ടത്തിയത്. ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറും ഇന്നോവയും ഒരു ജീപ്പുമാണ് വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. സ്വിഫ്റ്റ് കാര്‍ അറസ്റ്റിലായ ഗിജിന്റെയും ഇന്നോവയും ജീപ്പും ഗിജിന്റെ അച്ഛന്‍ ശാസ്ത ഗംഗാധരന്റെയുമാണ്. ക്രൈംബ്രാഞ്ച് സംഘവും ഫോറന്‍സിക് സംഘവും വാഹനങ്ങള്‍ പരിശോധിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ ഇവിടെയെത്തിച്ചതാണോ എന്ന് സംശയമുണ്ട്.

സ്വിഫ്റ്റ് കാര്‍ പ്രതികള്‍ സംഭവസമയത്ത് ഉപയോഗിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനിടെ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കാസര്‍കോട്ട് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ സമരപ്പന്തലില്‍ എത്തി.

ക്രൂരകൃത്യം ചെയ്ത കാപാലികരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിനായി മരണം വരെയും സമരം ചെയ്യുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരിച്ചു. ഇടതുപക്ഷ സഹയാത്രികരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളവരെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. കെ.എം ഷാജി, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ഇന്നു സമരപ്പന്തലിലെത്തി.