LiveTV

Live

Kerala

തലസ്ഥാനത്ത് വീണ്ടും കെ.എസ്.ആര്‍.ടി.സി എംപാനലുകാരുടെ ആത്മഹത്യാ ശ്രമം

ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം വഴിമാറിയത്.

തലസ്ഥാനത്ത് വീണ്ടും കെ.എസ്.ആര്‍.ടി.സി എംപാനലുകാരുടെ ആത്മഹത്യാ ശ്രമം

തലസ്ഥാനത്ത് വീണ്ടും സമരം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള മരത്തില്‍ കയറിയാണ് ജീവനക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് ജീവനക്കാരെ തിരിച്ചിറക്കി.

ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമടക്കം നാലുപേരാണ് തുണികൊണ്ട് കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ കയറിയത്. പൊലീസും ഫയര്‍ഫോഴ്‌സും ഇടപെട്ടു സ്ത്രീകളെ പെട്ടെന്നു തന്നെ താഴെ ഇറക്കിയെങ്കിലും പുരുഷന്‍മാര്‍ ഇറങ്ങാന്‍ തയ്യാറായില്ല. ഇത് സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടയില്‍ ബാക്കിയുള്ള രണ്ടുപേരെ നിര്‍ബന്ധിച്ച് താഴെ ഇറക്കി.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ എം വിജയാരാഘവനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശനങ്ങള്‍ക്കു പരിഹാരം കാണുമെന്ന് ഉറപ്പു ലഭിച്ചിരുന്നതായി എം പാനല്‍ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം വഴിമാറിയത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 38 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരത്തിലാണ് എം പാനല്‍ ജീവനക്കാര്‍.