LiveTV

Live

Kerala

പൊലീസ് ഘടനയിൽ അഴിച്ചുപണി

ക്രമസമാധാനത്തിന് ഡി.ജി.പിക്ക് താഴെ രണ്ട് എ.ഡി.ജി.പിമാര്‍ എന്നത് മാറ്റി ഒരു എ.ഡി.ജി.പിയെ നിയമിക്കും

പൊലീസ് ഘടനയിൽ അഴിച്ചുപണി

സംസ്ഥാനത്തെ പൊലീസ് ഘടനയില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ തീരുമാനം. ക്രമസമാധാനത്തിന് ഡി.ജി.പിക്ക് താഴെ രണ്ട് എ.ഡി.ജി.പിമാര്‍ എന്നത് മാറ്റി ഒരു എ.ഡി.ജി.പിയെ നിയമിക്കും. ഈ തസ്തികയിലേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. റേഞ്ചുകളുടെ ചുമതല ഐ.ജിമാരില്‍ നിന്ന് മാറ്റി ഡി.ഐ.ജിമാര്‍ക്ക് നല്‍കും. സോണുകളുടെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കും.

ഏറ്റവും തലപ്പത്ത് സംസ്ഥാന പൊലീസ് മേധാവി. തൊട്ടുതാഴെ ഉത്തര, ദക്ഷിണ മേഖലകളില്‍ ഏഴ് ജില്ലകളുടെ വീതം ചുമതലയുള്ള എ.ഡി.ജി.പിമാര്‍. അതുകഴിഞ്ഞാല്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ ഐ.ജിമാര്‍. ഇതാണ് നിലവില്‍ സംസ്ഥാന പൊലീസിന്റെ ഉയര്‍ന്ന തലത്തിലെ ഘടന. ഇതില്‍ മാറ്റം വരുത്താനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നത്. ക്രമസമാധാനത്തിന് ഡി.ജി.പിക്ക് താഴെ രണ്ട് എ.ഡി.ജി.പിമാര്‍ എന്നത് മാറ്റി ഒരു എ.ഡി.ജി.പിയെ നിയമിച്ച് പൂര്‍ണ്ണ ചുമതല നല്‍കും. ഇതിനായി എ.ഡി.ജി.പി ഓപ്പറേഷന്‍ എന്ന തസ്തിക സൃഷ്ടിച്ചു. രണ്ട് സോണുകളുടെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കും. റേഞ്ചുകളില്‍ നിന്ന് ഐ.ജിമാരെ ഒഴിവാക്കി ഡി.ഐ.ജിമാര്‍ക്ക് അധികാരം നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു.

ഭരണസൗകര്യത്തിനായാണ് സംവിധാനത്തിലെ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ചുമതലകളില്‍ ഉടന്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട ടോമിന്‍ തച്ചങ്കരി സുപ്രധാന ചുമതലയില്‍ വരുമെന്നാണ് സൂചന.