LiveTV

Live

Kerala

നിരവധി പാര്‍ട്ടികളുടെ പിറവിക്ക് സാക്ഷിയായി കോഴിക്കോട്ടെ ഈ ഓഫീസ് 

കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തനം തുടങ്ങി പല പാര്‍ട്ടികളുടേയും പിറവിക്കൊപ്പം നിന്ന് ലോക് താന്ത്രിക് ജനതാദള്‍ ഓഫീസായി മാറിയിരിക്കുകയാണ് ഈ കെട്ടിടം.

നിരവധി പാര്‍ട്ടികളുടെ പിറവിക്ക് സാക്ഷിയായി കോഴിക്കോട്ടെ ഈ ഓഫീസ് 

രാഷ്ട്രീയ നേതാക്കളുടെ തന്ത്രങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമെല്ലാം രൂപം കൊടുക്കുന്ന ഇടമാണ് പാര്‍ട്ടി ഓഫീസുകള്‍. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷിയായ ഒരു ഓഫീസുണ്ട് കോഴിക്കോട് നഗരത്തില്‍. കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തനം തുടങ്ങി പല പാര്‍ട്ടികളുടേയും പിറവിക്കൊപ്പം നിന്ന് ലോക് താന്ത്രിക് ജനതാദള്‍ ഓഫീസായി മാറിയിരിക്കുകയാണ് ഈ കെട്ടിടം.

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ പടികള്‍ക്ക്. ഇത് കടന്ന് കയറിയവരൊന്നും നിസാരക്കാരായിരുന്നില്ല. കോണ്‍ഗ്രസിന്‍റെ ഓഫീസായിട്ടായിരുന്നു തുടക്കം. 1969ലെ കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം സംഘടനാ കോണ്‍ഗ്രസുകാര്‍ ഓഫീസ് പിടിച്ചെടുത്തു. പിന്നെ ജനതാ പാര്‍ട്ടിയുടേതായി. ജനതാദള്‍ പരിണമിച്ച് ലോക് താന്ത്രിക് ജനതാദളിലെത്തി നില്‍ക്കുമ്പോള്‍ ഓഫീസിന് മാറ്റമുണ്ടായില്ല. പാര്‍ട്ടികള്‍ പലതും വന്നുപോയെങ്കിലും അമ്പത് വര്‍ഷത്തിലേറെയായി ദാമോദരന്‍ ഈ ഓഫീസിന്‍റെ സെക്രട്ടറിയാണ്.

കാമരാജും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും എച്ച്.എന്‍ ബഹുഗുണയും എ.ബി വാജ്പേയിയുമെല്ലാം ഈ ഓഫീസില്‍‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഈ നേതാക്കളില്‍ പലരേയും അന്നു സ്വീകരിച്ച ദാമോദരന്‍ പക്ഷേ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍‍ പോലും ഇതു വരെ മത്സരിച്ചിട്ടില്ല. ഈ പാര്‍ട്ടികളുടെയെല്ലാം പരിണാമത്തിന് സാക്ഷിയായി ഈ ഓഫീസ് ഇവിടെയുണ്ട്. ഒപ്പം ദാമോദരനും.