LiveTV

Live

Kerala

അൺഎയിഡഡ് സ്കൂളുകളിലെ വേതനത്തിൽ സർക്കാർ ഇടപെടുന്നു

അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം സർക്കാർ നിശ്ചയിക്കുന്നതിനുള്ള ബില്ലിന് പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. മിനിമം വേതനമടക്കം...

അൺഎയിഡഡ് സ്കൂളുകളിലെ വേതനത്തിൽ സർക്കാർ ഇടപെടുന്നു

അൺഎയിഡഡ് സ്കൂളുകളിലെ സേവന വേതന വ്യവസ്ഥയിൽ സർക്കാർ ഇടപെടുന്നു. അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം സർക്കാർ നിശ്ചയിക്കുന്നതിനുള്ള ബില്ലിന് പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. മിനിമം വേതനമടക്കം നിശ്ചയിക്കുന്നത് സർക്കാർ രൂപം കൊടുക്കുന്ന സമിതിയായിരിക്കും. സമിതിക്ക് രൂപം നൽകി ഉടൻ തന്നെ സർക്കാർ ഉത്തരവ് പുറത്തിറക്കും.

തൊഴിലുടമകൾ, അധ്യാപകർ മറ്റ് ജീവനക്കാരുടെ പ്രതിനിധികൾ എന്നിവര്‍ ഉൾപ്പെട്ട സമിതിയാകും രൂപീകരിക്കുക. സ്വതന്ത്ര അംഗങ്ങളെ സമിതിയിൽ ഉൾപ്പെടുത്തി അതിലൊരാളെ ചെയർമാനാക്കണമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശ. സമിതിക്ക് മുന്നിൽ വരുന്ന കാര്യങ്ങൾ എന്തൊക്കെയാകണമെന്നും ശിപാർശയിലുണ്ട്. ജോലി സമയവും, അടിസ്ഥാന ശമ്പളസ്കെയിലും മറ്റ് ആനുകൂല്യങ്ങളും സമിതി നിശ്ചിക്കും. അധ്യാപകരെയും മറ്റ് ജീവനക്കാരെയും പ്രത്യേകമായി തിരിച്ചാകും ശമ്പളം നിശ്ചയിക്കുക. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മാനേജ്മെന്റുകൾക്ക് 60 ദിവസം നൽകും.

ശമ്പളം നൽകേണ്ടത് ബാങ്ക് അക്കൌണ്ട് വഴിയാകണമെന്നും, അധിക സമയം ജോലി ചെയ്താൽ അധിക വേതനം നൽകാനും നിർദ്ദേശമുണ്ട്. ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കണെന്നും ശമ്പളം കൈമാറുന്നതിന് കൃത്യമായ രേഖകൾ ഉണ്ടാകണമെന്നും, ഇത് ജീവനക്കാർ ആവശ്യപ്പെടുന്ന സമയത്ത് കൈമാറാൻ മാനേജ്മെന്റ് ബാധ്യസ്ഥമാണെന്നും ബില്ലിൽ ശിപാർശ ചെയ്യുന്നു.ശമ്പളം ലഭിക്കാത്തതിലെ ജീവനക്കാരുടെ പരാതികൾ കേൾക്കാൻ സർക്കാർ വഴിയൊരുക്കുമെന്നും ബില്ലിലുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ശമ്പളത്തിൽ കുറവാണ് മാനേജ്മെന്റ് നൽകുന്നതെങ്കിൽ വ്യത്യാസമുള്ള തുകയുടെ പത്തിരട്ടി നഷ്ടപരിഹാരം നൽകേണ്ടിവരും. ഇത് പാലിച്ചില്ലെങ്കിൽ 25,000 രുപവരെ പിഴയൊടുക്കണം.

ജീവനക്കാർ വ്യാജ പരാതിയാണ് നൽകുന്നതെങ്കിൽ ജീവനക്കാരൻ 10,000 രുപ വരെ പിഴയടക്കണം. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാമെന്ന് ജീവനക്കാരും മാനേജ്മെന്റും കരാറിലേർപ്പെട്ടാൽ കരാർ നിലനിൽക്കില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ ബില്ലിൽ പറയുന്നു. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടത്തണമെന്നും അംഗീകൃത സ്വാശ്രയ സ്കൂളുകളിലെ വേതനവും ബത്തയും നിശ്ചയിക്കൽ ബിൽ വ്യവസ്ഥ ചെയ്യുന്നു. പ്രൈമറി മുതൽ ഹയർസെക്കന്ററി വരെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺഎയിഡഡ് സ്കുളുകൾക്ക് ബാധകമാകും വിധമാണ് പുതിയ നിയമ നിർമാണം.