LiveTV

Live

Kerala

കൊല്ലത്ത് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പരിപാടികളില്‍ പ്രസംഗിക്കാതെ മടങ്ങി മുഖ്യമന്ത്രി

ആദ്യപരിപാടിയില്‍ സ്വാഗതപ്രസംഗം നീണ്ടുപോയതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഭദ്രദീപം കൊളുത്തിയ ശേഷം മുഖ്യമന്ത്രി വേദി വിടുകയായിരുന്നു..

കൊല്ലത്ത് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പരിപാടികളില്‍  പ്രസംഗിക്കാതെ മടങ്ങി മുഖ്യമന്ത്രി

കൊല്ലത്ത് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ മടങ്ങി. തുടര്‍ച്ചയായ പരിപാടികള്‍ മൂലം തൊണ്ടയുടെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് മുഖ്യമന്ത്രി സംസാരിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ആദ്യപരിപാടിയില്‍ സ്വാഗതപ്രസംഗം നീണ്ടുപോയതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഭദ്രദീപം കൊളുത്തിയ ശേഷം മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.

സര്‍ക്കാരിന്റെയും സി.പി.എമ്മിന്റേതുമുള്‍പ്പെടെ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലത്തുണ്ടായിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ആദ്യത്തേത്. ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി പക്ഷേ ഉദ്ഘാടന പ്രസംഗം നടത്താതെ മടങ്ങി. ആരോഗ്യകാരണങ്ങളാല്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാനാകില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആദ്യ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ സ്വാഗതപ്രസംഗം നീണ്ടുപോയതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. മന്ത്രി കെ.കെ ശൈലജ ജില്ലാ പ്രസിഡന്റിനോട് പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാല്‍പതോളം പേരുകള്‍ പറഞ്ഞ് പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. തുടര്‍ന്നു നടന്ന കൊല്ലം കോര്‍പറേഷന്റെ വീടുകളുടെ താക്കോല്‍ദാനവും, എന്‍.എസ് പഠനഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമടക്കം നാലുപരിപാടികളില്‍ പങ്കെടുത്തെങ്കിലും പ്രസംഗിക്കാതെ മുഖ്യമന്ത്രി മടങ്ങി.