LiveTV

Live

Kerala

പ്രാര്‍ത്ഥന, പോരാട്ടം, പ്രണയം; ഹാദിയ ഇനി ഡോ. ഹാദിയ അശോകന്‍ 

പ്രാര്‍ത്ഥന, പോരാട്ടം, പ്രണയം; ഹാദിയ ഇനി ഡോ. ഹാദിയ അശോകന്‍ 

നിരന്തര പോരാട്ടങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അവസാനം ഹാദിയ ഇനി ഡോ. ഹാദിയ അശോകന്‍ എന്നറിയപ്പെടും. ഭർത്താവായ ഷഫിൻ ജഹാനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹാദിയ ഡോക്ടറായ വിവരം അറിയിച്ചിരിക്കുന്നത്. ‘ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാർത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. സര്‍വ്വശക്തന് സ്തുതി, അവസാനം എല്ലാ പ്രതിസന്ധികളിൽ നിന്നും നീ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. ഡോക്ടർ എന്ന് നിന്നെ വിളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.’; ഡോക്ടര്‍ വേഷത്തിലുള്ള ഹാദിയയുടെ ഫോട്ടോയ്ക്കൊപ്പം ഷഫിൻ ജഹാൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ദേശീയതലത്തിൽ വളരെയധികം ശ്രദ്ധ ലഭിച്ച കേസായിരുന്നു ഹാദിയയുടേത്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ഇസ്‌ലാം മതം സ്വീകരിച്ച്  ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2017 നവംബർ 27ന് ഹാദിയ കോടതിയിൽ ഹാജരായി തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഇസ്‌ലാം വിശ്വാസം അനുസരിച്ച് ജീവിക്കണമെന്നും ആവശ്യപ്പെട്ടു. ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ നിന്നും മാറ്റിയ കോടതി പഠനത്തിനായി സേലത്തേക്ക് അയക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹം റദ്ദ് ചെയ്യാനാവില്ലെന്ന സുപ്രീംകോടതി ഇടക്കാലവിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. 2018 മാർച്ച് 08 ന് പുറപ്പെടുവിച്ച ഇടക്കാലവിധിയിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി, ഹാദിയ-ഷഫിൻ വിവാഹം നിയമപരമാണെന്നും, മറ്റ് ആരോപണങ്ങൾ വേറെത്തന്നെ അന്വേഷിക്കാമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീട് കേസേറ്റെടുത്ത എന്‍.ഐ.ഐയും അന്വേഷണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍.ഐ.ഐയുടെ തീരുമാനം. പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ വ്യക്തമാക്കുകയായിരുന്നു. ദീർഘകാലത്തെ പോരാട്ടത്തിന് ശേഷമാണ് ഹാദിയയ്ക്ക് നിയമത്തിന്റെ സഹായത്തോടെ ഷഫീൻ ജഹാനൊപ്പം ജീവിക്കാൻ അനുമതി ലഭിച്ചത്.