LiveTV

Live

Kerala

ലോക്സഭ സീറ്റ് വിഭജനം: ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയം

മുസ്‍ലിം ലീഗുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. രണ്ടാം സീറ്റ് ആവശ്യത്തില്‍...

ലോക്സഭ സീറ്റ് വിഭജനം: ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയം

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ച പരാജയം. കേരള കോൺഗ്രസ് മാണി വിഭാഗം രണ്ട് സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറായില്ല. ഇതോടെ മൂന്ന് സീറ്റെന്ന ആവശ്യത്തിൽ മുസ്ലിം ലീഗും ഉറച്ചു നിന്നു. മുസ്‌ലിം ലീഗുമായും കേരള കോൺഗ്രസുമായും വീണ്ടും ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

രാവിലെ 10 മണിയോടെയാണ് ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചത്. ആർ.എസ്.പിയുമായായിരുന്നു ആദ്യ ചർച്ച. കൊല്ലം സീറ്റിൽ ആർ.എസ്.പി തന്നെ വീണ്ടും മത്സരിക്കാൻ ധാരണയായി. മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യം മുസ്‌ലിം ലീഗ് മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചർച്ചയാകാമെങ്കിലും മറ്റു ഘടക കക്ഷികൾക്ക് അധിക സീറ്റ് അനുവദിച്ചാൽ ഒത്ത് തീർപ്പുകൾക്ക് വഴങ്ങാൻ കഴിയില്ലെന്നതും മുസ്ലീം ലീഗ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. 2 സീറ്റെന്ന ആവശ്യത്തിൽ വിട്ട് വീഴ്ചയില്ലെന്ന നിലപാടിലായിരുന്നു കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. ലീഗിനെയും കേരള കോൺഗ്രസിനെയും ഒന്നിച്ചിരുത്തി ചർച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കേരളകോണ്‍ഗ്രസ് തയ്യാറായില്ല.

തുടർന്ന് ഇരു പാർട്ടികളുമായി കൂടുതൽ ചർച്ചകൾ നടത്താമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ലീഗുമായി അടുത്ത മാസം ഒന്നിന് കോഴിക്കോട് വെച്ചും കേരള കോൺഗ്രസുമായി 3 ന് കൊച്ചിയിലും തുടർ ചർച്ചകൾ നടത്തും. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടുക്കി സീറ്റിനായി അവകാശവാദം ഉന്നയിച്ചുവെങ്കിലും ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സി.എം.പി രാജ്യസഭ സീറ്റിന് വേണ്ടിയും ഫോര്‍വേഡ് ബ്ലോക്ക് നിയമസഭ സീറ്റിന് വേണ്ടിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.