LiveTV

Live

Kerala

പെരിയ കേസ് സി.ബി.ഐക്ക് കൈമാറണം; കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്ന്

കാസർകോട് കലക്ടറേറ്റ് പടിക്കലാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഇരിക്കുക.

പെരിയ കേസ് സി.ബി.ഐക്ക് കൈമാറണം; കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്ന്

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്ന്. കാസർകോട് കലക്ടറേറ്റ് പടിക്കലാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഇരിക്കുക. ഇന്നലെ പീതാംബരന്‍ മൊഴി മാറ്റിയ സാഹചര്യം കൂടി കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ ഇന്ന് സര്‍വ്വ കക്ഷിയോഗവും നടക്കും.

പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന കേസാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയത് . എന്നാല്‍ കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണ സംവിധാനങ്ങള്‍ കേസ് അട്ടി മറിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം .ഇന്ന് കാസർകോട് കലക്ടറേറ്റ് പരിസരത്ത് കോൺഗ്രസിന്റെ നിരാഹാര സമരം ആരംഭിക്കും. 48 മണിക്കൂർ നീണ്ട് നിൽക്കുന്ന നിരാഹാര സമരത്തില്‍ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ദേശീയ നേതാക്കളും പങ്കെടുക്കും . കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാഗങ്ങള്‍ക്കൊപ്പം കണ്ണൂരില്‍ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകന്‍ ഷുഹൈബിന്റെ പിതാവും പങ്കെടുത്തേക്കും. ഇതിനിടെ മുഖ്യപ്രതി പീതാംബരന്‍ കോടതിയില്‍ മൊഴി മാറ്റിയതും കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കും . കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പീതാംബരന്റെ മലക്കംമറിച്ചിൽ. അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തി കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് പിതാംബരൻ കോടതിയിൽ പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്നും ഇരട്ടക്കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു പിതാംബരന്റെ വിശദീകരണം.

Also read: പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍

അന്വേഷണ ഉദ്യോഗസ്ഥന്റെ ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് കസ്റ്റഡിയിൽ മൊഴി നൽകിയതെന്നും പീതാംബരൻ പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് കേസിലെ മുഴവൻ പ്രതികളെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ട്കിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിലെ ഗൂഢാലോചനയും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടേക്കും .സംഭവവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ഇന്ന് ഉച്ചക്ക് സർവകക്ഷി സമാധാന യോഗവും വിളിച്ചിട്ടുണ്ട്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് യോഗം ചേരുക .

Also read: പെരിയ ഇരട്ടക്കൊലപാതകം: നാളെ സര്‍വകക്ഷിയോഗം

Also read: പെരിയ ഇരട്ടക്കൊല; മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും