LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം യോഗം അംഗീകരിക്കാത്തിനാലാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം...

പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ വിളിച്ച  സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സി.ബി.ഐ അന്വേഷണത്തിന്റെ കാര്യത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉറപ്പ് നൽകാത്തതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. കോൺഗ്രസ് നടപടി ഏകപക്ഷീയമായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ വിശദീകരിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെയാണ് കലക്ട്രേറ്റിൽ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ സർവ്വകക്ഷി സമാധാന യോഗം ചേർന്നത്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ യു.ഡി.എഫ് നേതാക്കള്‍ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. മന്ത്രി ഇ. ചന്ദ്രശേഖൻ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്ക് നില്‍ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കല്യോട്ടെത്തി കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു. ശരത്തിന്റെയും കൃപേഷിന്റെയും വീട്ടുകാരുടെ മൊഴിയെടുത്തു. കൊലയില്‍ പങ്കില്ലെന്ന് പീതാംബരന്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തില്‍ പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി വിശദമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന് ശേഷമായിരിക്കും പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കുക.