LiveTV

Live

Kerala

കൊച്ചിയിലെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു

പുക 70 ശതമാനം നിയന്ത്രിക്കാനായിട്ടുണ്ട്.

 കൊച്ചിയിലെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി മാലിന്യ പ്ലാന്റിന് തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. പുക 70 ശതമാനം നിയന്ത്രിക്കാനായിട്ടുണ്ട്.അതേസമയം മാലിന്യ പ്ലാന്റിലുണ്ടായി തീ പിടുത്തം കോര്‍പ്പറേഷന്റെ അനാസ്ഥ മൂലമെന്ന് ആരോപിച്ച് എല്‍.ഡി.എഫ് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഇന്നലെ വൈകുന്നേരത്തോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമായിരുന്നുവെങ്കിലും പുക ഉയരുന്നത് തടയാന്‍കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി വൈകിയും പുക തടയാനുള്ള ശ്രമം തുടര്‍ന്നു. നിലവില്‍ വളരെ കുറഞ്ഞ സ്ഥലത്ത് നിന്ന് മാത്രമാണ് പുക ഉയരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീറി പുകയുന്നതാണ് പുക ഉയരാന്‍ കാരണം. ജെ.സി.ബി കൊണ്ട് മാലിന്യം ഇളക്കി വെള്ളം തളിക്കുന്ന പ്രവര്‍ത്തനമാണ് നിലവില്‍ പുരോഗമിക്കുന്നത്. പുക ഉയരുന്നത് കുറഞ്ഞതോടെ നഗര പ്രദേശങ്ങളില്‍ ഇന്ന് പുക ശല്യം ഉണ്ടായില്ല.

ഇന്നലെ വൈകുന്നേരം ഉയര്‍ന്ന പുക ശ്വസിച്ച് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതേ സമയം പുക നിയന്ത്രിക്കുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാതെ കോര്‍പ്പറേഷന്‍ ജനങ്ങളുടെ ജീവന് വില പറയുകയാണെന്ന് ആരോപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാലിന്യ പ്ലാന്റില്‍ തീ പിടുത്തം തുടര്‍ച്ചയായ സാഹചര്യത്തില്‍ മേയര്‍ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം തീ പിടിക്കാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.