LiveTV

Live

Kerala

പിണറായി വിജയന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

 പിണറായി വിജയന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ ആലപ്പുഴ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വോട്ടിനായി പിണറായി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു.

ആദ്യം എത്തിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പിന്നാലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനും ജി.സുധാകരനും തോമസ് ഐസക്കും. 8.30 ന് മുഖ്യമന്ത്രിയും എത്തിയതോടെ അടച്ചിട്ട മുറിയിൽ 15 മിനിറ്റ് കൂടിക്കാഴ്ച. അസാധാരണ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റ്‌ ആയുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പെരുന്നയില്‍ പോയി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണുമോയെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി. മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ടതിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു.