പെരിയ ഇരട്ടക്കൊലപാതകം: നാളെ സര്‍വകക്ഷിയോഗം
യോഗത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പെരിയ ഇരട്ടക്കൊലപാതകത്തിൽ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ കാസര്‍കോഡ് നടക്കും. യോഗത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് നാളെ നിരാഹാര സമരവും തുടങ്ങുന്നുണ്ട്.
പെരിയ കേസിൽ പൊലീസ് അന്വേഷണം നിലച്ചെന്നും കേസ് അട്ടിമറിക്കാനാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കാസര്‍കോട് നിരാഹാര സമരം ആരംഭിക്കും.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് എസ്.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചില്‍ നേരിയ സംഘർഷമുണ്ടായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് പാർട്ടി നയമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാളെ കലക്ടറേറ്റിൽ സർവകക്ഷി സമാധാന യോഗം വിളിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തെ പറ്റി അറിഞ്ഞില്ലെന്നും പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ഡി.സി.സി അധ്യക്ഷൻ ഹക്കിം കുന്നിൽ മീഡിയവണിനോട് പറഞ്ഞു.