LiveTV

Live

Kerala

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി ലീഗ് സമ്മേളനം

മു‍സ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി ലീഗ് സമ്മേളനം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം. നിഷ്ക്രിയത്വത്തിന്റെ തടവറയിൽ ജീവിക്കുന്ന മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്ത് വിഭജനത്തിന്റെ രാഷ്ട്രീയമാണ് കേന്ദ്രം ഉപയോഗപ്പെടുത്തുന്നതെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. മു‍സ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.

"മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ചു മുന്നേറാം" എന്ന പ്രമേയത്തിൽ ഒരാഴ്ച നീണ്ടുനിന്ന മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചത്. ഒന്നും ചെയ്യാത്ത സർക്കാരാണ് ഇപ്പോൾ 1000 ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി തെരഞ്ഞെടുപ്പ് സമയത്ത് പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ കേന്ദ്രം ഉപയോഗപ്പെടുത്തുകയാണെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പുതുതായി നിർമ്മിച്ച ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും ഹൈദരലി തങ്ങൾ നിർവഹിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, ശ്രദ്ധേയമായ സമ്മേളനം സംഘടിപ്പിക്കാൻ കഴിഞ്ഞത്, രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ലീഗ് വിലയിരുത്തൽ.