LiveTV

Live

Kerala

കെ.സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു

വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മാറും.

കെ.സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഈ മാസം 28ന് അഹമ്മദാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാകും. കെ.സിയുടെ സ്ഥാനാര്‍ഥിത്വം അനുസരിച്ച് മറ്റു സീറ്റുകളിലെ സ്ഥാനാര്‍ഥികളിലും മാറ്റം വരും.

ആലപ്പുഴയിലെ സിറ്റിങ് എം.പിയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാല്‍. ആലപ്പുഴയില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ഏറെക്കുറെ ഉറപ്പിക്കുകയും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രചരണ പരിപാടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. അതിനിടെയാണ് കെ.സിക്ക് സംഘടനാ ചുമതലകൂടി ലഭിക്കുന്നത്. ഇതോടെ കെ.സി മത്സരിക്കേണ്ടതുണ്ടോ എന്ന ചോദ്യം സംഘടനയില്‍ ഉയര്‍ന്നു. സംഘടനാ ചുമതലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സംഘടാന ചുമതലകള്‍ വഹിക്കേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരു മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നത് പരിമിതിയാകും.

കെ.സിയെ മാറ്റിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമോ എന്നത് മറ്റൊരു പ്രശ്നമാണ്. നല്ല രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ഇതെല്ലാം പരിഗണിച്ചാകും കോണ്‍ഗ്രസ് തീരുമാനത്തിലെത്തുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അഹമ്മദാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാകും കെ. സി അടക്കം പ്രധാന നേതാക്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, പി.ജെ കുര്യന്‍ അടക്കം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.സി മത്സരംഗത്ത് നിന്ന് മാറുകയാണെങ്കില്‍ പകരം ആരെന്നതും കോണ്‍ഗ്രസില്‍ ചര്‍ച്ചയാണ്. പുതിയ സ്ഥാനാര്‍ഥി അനുസരിച്ച് ആറ്റിങ്ങള്‍ മണ്ഡലത്തിലെ വരെ സാമുദായിക സമവാക്യത്തില്‍ മാറ്റം വരും.