LiveTV

Live

Kerala

മലപ്പുറം അലിഗഡ് സെന്ററിനെ കേന്ദ്രം അവഗണിക്കുന്നു

2011ല്‍ ആരംഭിച്ച ഈ കേന്ദ്രത്തില്‍ ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ചത് ഒഴിച്ചാല്‍ മാറ്റങ്ങളൊന്നുമില്ല.

മലപ്പുറം അലിഗഡ് സെന്ററിനെ കേന്ദ്രം അവഗണിക്കുന്നു

മലപ്പുറത്തെ അലിഗഡ് സെന്റര്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത വിവേചനം നേരിടുകയാണ്. 2011ല്‍ ആരംഭിച്ച ഈ കേന്ദ്രത്തില്‍ ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ചത് ഒഴിച്ചാല്‍ മാറ്റങ്ങളൊന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം പോലും ലഭിക്കാത്തതിനാല്‍ നിലനില്‍പ്പിനായി പാടുപെടുകയാണ് ഈ കേന്ദ്രം.

ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ പരിഗണിച്ചാണ് 2011 ല്‍ യു.പി.എ സര്‍ക്കാര്‍ മലപ്പുറം ചേലാമലയില്‍ അലഡിഗഡ് സെന്റര്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 343 ഏക്കറില്‍ താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മൂന്ന് കോഴ്സുകളുമായാണ് തുടക്കം. 104 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ക്യാമ്പസ് തുടങ്ങി എട്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അനുവദിച്ചതില്‍ പകുതി തുകമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.

ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ചതൊഴിച്ചാല്‍ മറ്റു വികസന പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ല. മൂന്ന് കോഴ്സുകളിലായി അഞ്ഞൂറ് വിദ്യാര്‍ത്ഥികളും മുപ്പത് അധ്യാപകരുമാണ് ഇവിടെയുള്ളത്. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരാകട്ടെ പതിനഞ്ച് പേരാണ്. സെന്റര്‍ തുടങ്ങുന്ന സമയത്ത് മലപ്പുറം കേന്ദ്രത്തിനായി തയ്യാറാക്കിയ രൂപരേഖ പ്രകാരം 2018ല്‍ മൂപ്പത് പഠന വിഭാഗങ്ങളും ഇരുപതിനായിരം വിദ്യാര്‍ത്ഥികളുമായി വളരേണ്ടതായിരുന്നു. അലിഗഡ് ക്യാമ്പസിലെ സ്കൂളില്‍ പഠിച്ചവര്‍ക്ക് പ്രവേശനത്തിന് 50 ശതമാനം സംവരണമുണ്ട്.

പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഈ ക്യാമ്പസില്‍ തുടങ്ങാത്തതിനാല്‍ വളരെ കുറച്ച് മലയാളികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്. മലപ്പുറം അലിഗഡ് സെന്ററിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് മാത്രമല്ല നിലനില്‍പ്പ് പോലും ഉറപ്പാക്കാനായിട്ടില്ല.