LiveTV

Live

Kerala

എഴുത്തുകാരിയെ നിലവാരമില്ലാതെ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല: ബല്‍റാമിനെ തിരുത്തി സിദ്ദിഖ് 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സാംസ്കാരിക നായകര്‍ നിശബ്ദരായിരുന്നപ്പോള്‍ ഇത്രയെങ്കിലും പ്രതികരിച്ച കെ.ആര്‍ മീരയെ പരിഗണിക്കേണ്ടേയെന്ന് സിദ്ദിഖ്

എഴുത്തുകാരിയെ നിലവാരമില്ലാതെ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല: ബല്‍റാമിനെ തിരുത്തി സിദ്ദിഖ് 

ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്ന് പറഞ്ഞ് വി.ടി ബല്‍റാം എം.എൽ.എയെ തിരുത്തി കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദിഖ്. ഫേസ് ബുക്കിലാണ് സിദ്ദിഖ് ബല്‍റാമിനെ തിരുത്തി പോസ്റ്റിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സാംസ്കാരിക നായകര്‍ നിശബ്ദരായിരുന്നപ്പോള്‍ ഇത്രയെങ്കിലും പ്രതികരിച്ച കെ.ആര്‍ മീരയെ പരിഗണിക്കേണ്ടേയെന്ന് മീരയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്ത് സിദ്ദിഖ് ചോദിക്കുന്നു.

"90% സാംസ്കാരിക നായകരും കാശിക്ക്‌ പോയ അവസ്ഥയിൽ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാൻ അവർ ഭയന്നില്ലല്ലോ, അതോടൊപ്പം അവർ വി.ടി ബൽറാമിനെ പോ മോനെ ബാല-രാമ എന്ന് വിളിച്ചത്‌ അംഗീകരിക്കാവുന്ന ഒന്നല്ല. അതവർ തിരുത്തി എന്നാണു അറിയാൻ കഴിഞ്ഞത്‌. നമ്മൾ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തിൽ നിന്ന് തെന്നിമാറാൻ അനുവദിക്കരുത്‌"- സിദ്ദിഖ് വ്യക്തമാക്കി.

പാനൂരില്‍, 1999ല്‍, ചലച്ചിത്ര താരങ്ങളുടെ ഉപവാസം നടന്ന ദിവസമാണ് ഞാന്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ എത്തിയത്....

Posted by Adv T Siddique on Saturday, February 23, 2019

പെരിയ കൊലപാതകത്തിലെ സാംസ്കാരിക നായകരുടെ നിലപാടുകള്‍ സംബന്ധിച്ച വി.ടി ബല്‍റാമിന്‍റെയും കെ.ആര്‍ മീരയുടെയും വാദപ്രതിവാദം പരസ്പര അധിക്ഷേപത്തില്‍ ചെന്നെത്തുകയായിരുന്നു.

കെ.ആര്‍ മീരയുടെ പോസ്റ്റ്

പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക–

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

–അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,‌

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

ബല്‍റാമിന്‍റെ മറുപടി

"പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.

എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്നും ഇരുവരും തമ്മില്‍ വാഗ്വദം തുടര്‍ന്നു. കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേയെന്ന് മീര ചോദിച്ചു. ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് താന്‍ ഉപവസിക്കുമെന്നും പ്രഖ്യാപിച്ചു.

വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍...

Posted by K R Meera on Saturday, February 23, 2019

അതേസമയം കൊലപാതികളെയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരെയും രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ കെണിയില്‍ വീഴാന്‍ താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ബല്‍റാം മറുപടി നല്‍കി.

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത്...

Posted by VT Balram on Saturday, February 23, 2019