LiveTV

Live

Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്നും പുകശല്യം

തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം എന്നിവിടങ്ങളിലാണ് പുക വ്യാപിച്ചിരിക്കുന്നത്.

 ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്നും പുകശല്യം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശല്യത്തിന് ഇന്നും ശമനമായില്ല. വൈറ്റില, ഇരുമ്പനം , തൈക്കുടം , തൃപ്പുണിത്തുറ, എരൂർ എന്നിവിടങ്ങളിലാണ് പുക ശല്യം രൂക്ഷമായി തുടരുന്നത്. പുക നിയന്ത്രിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുയരുന്ന പുക ഇന്നും രൂക്ഷമായി തുടരുകയാണ്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും പുക തങ്ങി നിൽക്കുകയാണ്. ഇന്നലെ വൈകുന്നേരം വെളിച്ച കുറവ് മൂലം പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ താത്കാലിമായി നിർത്തിവെച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പുക ശമിപ്പിക്കാനുള്ള ശ്രമം പുനരാരംഭിച്ചത്. പുക ശമിപ്പിക്കാൻ ഹൈ പവർ മോട്ടോർ ഉൾപ്പെടെ കൂടുതൽ യന്ത്രങ്ങൾ സംഭവ സ്ഥലത്തെത്തിച്ചിട്ടുണ്ട് . ഇന്ന് രാവിലെ ജില്ലാ കലക്ടർ പ്ലാന്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് വൈകീട്ടോടെ പുക നിയന്ത്രിക്കാൻ സാധിക്കുമെന്ന് കലക്ടർ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബ്രഹ്മപുരം പ്ലാന്റിൽ തീപിടുത്തമുണ്ടായത്. ഇതിനെ തുടർന്നാണ് നഗരത്തിൽ ഇപ്പോഴും പുക പടരുന്നത്. നേരത്തെ തീ അണച്ച സ്ഥലത്ത് നിന്ന് വീണ്ടും പുക ഉയരുന്നതാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാവുന്നത്. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇപ്പോഴും പുകഞ്ഞ് കൊണ്ടിരിക്കുന്നത്. അതേ സമയം പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.