LiveTV

Live

Kerala

സൂര്യതാപം; വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തിൽ പുനഃക്രമീകരണം

ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശമനുസരിച്ചാണ് രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെയായി ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത്.

സൂര്യതാപം; വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തിൽ പുനഃക്രമീകരണം

സൂര്യതാപ സാധ്യത മുന്നിൽക്കണ്ട് വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തിൽ പുനഃക്രമീകരണമേർപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശമനുസരിച്ചാണ് രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെയായി ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടില്‍ ഉച്ചസമയത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സൂര്യതാപമേറ്റതിനെ ത്തുടർന്ന് തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് ട്രേഡ് യൂണിയനുകൾ ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടമുടമകൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയത്. ഇനി മുതല്‍ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് തൊഴിലാളികളുടെ ജോലി സമയം .8 മണിക്കൂർ ജോലി പരമാവധി 6 മണിക്കൂറാക്കി ചുരുക്കി. എന്നാൽ ജോലി സ്ഥലത്ത് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കണമെന്ന നിർദ്ദേശം പല ഉടമകളും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വേനല്‍ക്കാലമെത്തുന്നതിന് മുമ്പ് തന്നെ ചൂട് ശക്തിപ്പെട്ടതാണ് തോട്ടം തൊഴിലാളികള്‍ക്ക് ജോലി ദുഷ്കരമായത്. ഇതോടെ കാലത്ത് 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള ജോലി സമയം കുറക്കുകയായിരുന്നു. മുൻവർഷങ്ങളിലും ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചിരുന്നു.