LiveTV

Live

Kerala

എടവണ്ണ തീപിടുത്തം; പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍

നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം ഒഴിവായത്. 

എടവണ്ണ തീപിടുത്തം; പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍

മലപ്പുറം എടവണ്ണയില്‍‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം ഒഴിവായത്. സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പോലും കനത്ത ചൂടില്‍ ഉരുകി.

പെയിന്റും അനുബന്ധ ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന്റെ നടുക്കുണ്ടായ തീപിടുത്തം ആളുകളെ പരിഭ്രാന്തരാക്കി. ഗോഡൌണില്‍ തീ പടര്‍ന്നതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പോലും കേടുപാടുകള്‍ സംഭവിച്ചു. തെങ്ങുള്‍പ്പെടെയുളള വൃക്ഷങ്ങളും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റി. ഇതിനിടെ ഗോഡൌണില്‍ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്ത പരന്നതും ആളുകളെ പരിഭ്രാന്തരാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആധുനിക അഗ്നിശമനാ സംവിധാനങ്ങളുള്‍പ്പെടെ സ്ഥലത്തെത്തിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും രാത്രിയോടെയാണ് തീ നിയന്ത്രണവിധേയമായത്.

Also read: എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍തീപിടിത്തം; പ്രദേശവാസികളെ ഒഴിപ്പിച്ചു