LiveTV

Live

Kerala

വിവാദ പ്രസംഗം: വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

പ്രസംഗം പാര്‍ട്ടിയുടെ മാറിവരുന്ന പ്രവര്‍ത്തന ശൈലിക്ക് വിരുദ്ധമാണ്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുസ്തഫ പറഞ്ഞു.

വിവാദ പ്രസംഗം: വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

പെരിയയിലെ വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് വി.പി.പി മുസ്തഫ. അന്നത്തെ സാഹചര്യത്തില്‍ പ്രസംഗത്തിന് ന്യായീകരണമുണ്ടെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു. പ്രസംഗം പാർട്ടിയുടെ മാറിവരുന്ന പ്രവർത്തന ശൈലിക്ക് വിരുദ്ധമാണെന്ന് തോന്നുന്നതായും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയെറ്റ് അംഗമായ വി.പി.പി മുസ്തഫ പറഞ്ഞു

ജനുവരിയില്‍ കാസർകോട് പെരിയയില്‍ സംഘടിപ്പിച്ച സി.പി.എം പൊതുയോഗത്തിലായിരുന്നു വി.പി.പി മുസ്തഫയുടെ വിവാദ പ്രസംഗം. കല്ല്യോട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഈ പ്രസംഗത്തിന് നേരെ ഉയർന്നത്. കോൺഗ്രസ് കാസർകോട് ഡി.സി.സി എസ്.പിക്ക് പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് അന്നത്തെ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് വി.പി.പി മുസ്തഫ രംഗത്ത് വന്നത്.

"പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചു കഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും ഒരു പ്രകോപനവുമില്ലാതെ പകല്‍ മര്‍ദിക്കുന്നവരെയുളള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്ത് നിന്ന് റോക്കറ്റ് പോലെ സി.പി.എം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ ബാബുരാജല്ല, ഗോവിന്ദന്‍ നായരല്ല ഒരൊറ്റ ഒരെണ്ണം ബാക്കിയില്ലാത്ത വിധം പെറുക്കിയെടുക്കേണ്ടി വരും”- എന്നാണ് മുസ്തഫ പ്രസംഗിച്ചത്.

പെരിയയിലെ ഇരട്ട കൊലപാതകത്തിന് ഒരു മാസം മുന്‍പായിയിരുന്നു ഈ വിവാദ പ്രസംഗം. പ്രസംഗത്തിനെതിരെ പാർട്ടി നേതൃത്വവും അതൃപ്തി അറിയിച്ചതായാണ് സൂചന.