LiveTV

Live

Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുകശല്യം

വൈറ്റില, കടവന്ത്ര, മരട്, ചമ്പക്കര, അമ്പലമുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിക്കുന്നത്. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്.

 ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുകശല്യം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കലക്ടര്‍. പുക 25 ശതമാനം കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പുക നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും കലക്ടര്‍.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തമാണ് നഗരത്തില്‍ പുക വ്യാപിക്കാന്‍ കാരണം. തീപിടിത്തത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു മന്ത്രി എറണാകുളം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ പുക നിയന്ത്രിക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഏരൂർ, വൈറ്റില, കടവന്ത്ര, പനമ്പിള്ളി നഗർ, പള്ളുരുത്തി, മരട് തൃപ്പൂണിത്തുറ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പുലർച്ചെ മുതലാണ് പുക വ്യാപിച്ചത്. അപ്രതീക്ഷിതമായി പുക പടർന്നത് ജനങ്ങൾക്ക് അസ്വസ്ഥതകൾക്കും ശ്വാസതടസത്തിനും കാരണമായി.

രണ്ട് മാസത്തിനിടെ നാലാം തവണയാണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിക്കുന്നത്. ഇന്നലെ തീ പടർന്നത് മുതലുണ്ടായ കനത്ത പുക ഇപ്പോഴും ശമിച്ചിട്ടില്ല. വൈകുന്നേരത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടർ പറഞ്ഞു. തീ പിടുത്തം സാമൂഹ്യ വിരുദ്ധർ നടത്തിയ അട്ടിമറിയാണോ എന്ന് നേരത്തെ കൊച്ചി മേയർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ തീ പിടുത്തത്തിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്‌നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.