LiveTV

Live

Kerala

വി.ടി ബല്‍റാമിനെ ‘പോ മോനേ ബാല–രാമാ’ എന്ന് വിളിച്ച് കെ.ആര്‍ മീര; തിരിച്ച് ‘പോ മോളേ മീരേ’അധിക്ഷേപവുമായി ബല്‍റാം 

വി.ടി ബല്‍റാമിനെ ‘പോ മോനേ ബാല–രാമാ’ എന്ന് വിളിച്ച് കെ.ആര്‍ മീര; തിരിച്ച് ‘പോ മോളേ മീരേ’അധിക്ഷേപവുമായി ബല്‍റാം 

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കെ.ആര്‍ മീര എഴുതിയ പോസ്റ്റിന് താഴെ പരസ്പരാധിക്ഷേപ യുദ്ധം. വി.ടി ബല്‍റാം എം.എല്‍.എയെ ഉന്നമിട്ട് എഴുതിയ പോസ്റ്റിന്റെ അവസാന ഭാഗത്ത് എഴുത്തുകാരി കെ.ആര്‍ മീര ബല്‍റാമിനെതിരെ എഴുതിയ ‘പോ മോനേ ബാല രാമാ’ എന്ന അധിക്ഷേപമാണ് പിന്നീട് വാദപ്രതിവാദ യുദ്ധങ്ങളിലേക്ക് നയിച്ചത്. പോസ്റ്റിന് താഴെ തനിക്കെതിരായ മറുത്തുള്ള പ്രതികരണത്തിന് ബല്‍റാം കെ.ആര്‍ മീരയെ ‘പോ മോളേ മീരേ’ എന്നാക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലാണ് പ്രതികരിച്ചത്. ഇത് തുടര്‍ന്ന് വലിയ വാദപ്രതിവാദങ്ങളിലേക്കാണ് നയിച്ചത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് താഴെ ബല്‍റാം നല്‍കിയ പ്രതികരണത്തിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇതിനെയെല്ലാം വിമര്‍ശിച്ചാണ് കെ.ആര്‍ മീര ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്.

കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക–

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

–അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,‌

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

പോസ്റ്റിന് വി.ടി ബല്‍റാം നല്‍കിയ പ്രതികരണം

"പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.

എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.