LiveTV

Live

Kerala

മിന്നല്‍ ഹര്‍ത്താല്‍; ഡീൻ കുര്യാക്കോസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു.

മിന്നല്‍ ഹര്‍ത്താല്‍; ഡീൻ കുര്യാക്കോസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത് മിന്നൽ ഹർത്താലിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ കുട്ടു പ്രതികളാക്കാൻ ഹൈക്കോടതി നിർദേശം. നഷ്ടപരിഹാരം നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമല കർമ്മസമതിയുടെ ഹർത്താലിനും ഈ നിർദേശം ബാധകമാണ്.

കാസർകോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിനെതിരെയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ എം.സി കമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

കേസ് പരിഗണിച്ചപ്പോൾ എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഡീൻ കുര്യാക്കോസ് കൂടുതൽ സമയം ചോദിച്ചു. മിന്നൽ ഹർത്താൽ നിരോധിച്ചുള്ള ഉത്തരവിനെപ്പറ്റി അറിവില്ലായിരുന്നുവെന്നും ഡീൻ കുര്യാക്കോസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഡീൻ കുര്യാക്കോസ് നിയമം പഠിച്ചയാളല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഡീൻ കുര്യാക്കോസ് അടക്കം 3 പേർക്ക് എതിരെ സംസ്ഥാനത്തെ മുഴുവൻ ഹർത്താൽ കേസുകളിലും പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാൻ കോടതി നിർദ്ദേശം നൽകി. ഹർത്താലിൽ സംസ്ഥാനത്തുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണം. കാസർഗോഡ് ജില്ലയിലെ നഷ്ടം യുഡിഫ് ഭാരവാഹികളായ എം.സി കമറുദ്ദിൻ, എ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കാനും കോടതി നിർദേശിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അഹ്വാനം ചെയ്ത ഹർത്താലിനും ഹൈക്കോടതി നിർദേശം ബാധകമാണ്. ശബരിമല കർമ്മസമിതി നേതാക്കളെ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കുട്ടുപ്രതിചേർക്കാം. ഇക്കാര്യത്തിൽ ഇനി സർക്കാർ നിലപാടാകും നിർണായകമാവുക. ശബരിമല വിഷയത്തിലെ ഹർത്താലിൽ 38.52 ലക്ഷം രൂപയുടെ പൊതുമുതലിനും 6.45 ലക്ഷം രൂപയുടെ സ്വകാര്യ സ്വത്തിനും നാശനഷ്ടമുണ്ടായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെ.എസ്.ആർ.ടിസിക്കുണ്ടായി. ശബരിമല കർമസമിതി ഭാരവാഹികളായ ടി.പി.സെൻകുമാർ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.