LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല കേസ്; കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി, 5 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്  ചെയ്തു

പെരിയ ഏച്ചിലടക്കത്ത് നിന്നാണ് വടിവാള്‍ കണ്ടെത്തിയത്. പ്രതികളുമായുളള തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്. അതിനിടെ ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്‍‌ഡ് ചെയ്തു.

 പെരിയ ഇരട്ടക്കൊല കേസ്; കൂടുതല്‍  ആയുധങ്ങള്‍ കണ്ടെത്തി, 5 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്  ചെയ്തു

പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താനുപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി. പെരിയ ഏച്ചിലടക്കത്ത് നിന്നാണ് രണ്ട് വടിവാള്‍ കണ്ടെത്തിയത്. പ്രതികളുമായുളള തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്. കൊല നടത്തുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രവും പൊലീസ് കണ്ടെടുത്തു.

അതിനിടെ ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്‍‌ഡ് ചെയ്തു. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തെന്നും സംഘത്തിലുള്ളവരെല്ലാം പീതാംബരന്റെ സുഹൃത്തുക്കളായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായെന്ന് പൊലീസ് അവകാശപ്പെട്ടു.

അതേസമയം കാസര്‍കോട് കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞു‍. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ് നിലവിലെ സാഹചര്യത്തിന് കാരണം. തെറ്റായ ഒന്നിനെയെയും ഏറ്റെടുക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോടെത്തിയിട്ടും പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി. കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കാത്തതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതി തേടി സി.പി.എം നേതാക്കള്‍ സമീപിച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം തള്ളി.