LiveTV

Live

Kerala

ലാവ്‍ലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി

ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ അന്തിമവാദം കേള്‍ക്കും.

ലാവ്‍ലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി

എസ്.എന്‍.സി ലാവ്‍ലിൻ കേസിൽ ഏപ്രിൽ ആദ്യത്തിൽ അന്തിമ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. എപ്രിൽ ആദ്യവാരമാണോ രണ്ടാം വാരമാണോ എന്ന് പിന്നീട് തീരുമാനിക്കും. വലിയ കേസാണെന്നും വിശദ പരിശോധന വേണ്ടതിനാൽ ഇന്ന് അന്തിമവാദം സാധ്യമല്ലന്നും സിബ.ബി.എ പറഞ്ഞു. കേസ് വലിച്ച് നീട്ടാനാണ് ഉദ്ദേശമെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

ജസ്റ്റിസുമാരായ എൻ.വി രമണ, എം.ശാന്തന ഗൗഡർ എന്നിവരുടെ ബഞ്ച് ആണ് ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത്. കേസിൽ അന്തിമ വാദം എപ്പോൾ വേണമെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ബഞ്ച് ഇന്ന് വ്യക്തമാക്കി. അഭിഭാഷകർ തയ്യാർ എങ്കിൽ ഉടൻ വാദമാകാം എന്നും കോടതി പറഞ്ഞു.

കോടതിയുടെ സൗകര്യമനുസരിച്ചു എപ്പോൾ വേണമെങ്കിലും കേൾക്കാമെന്നായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. എന്നാൽ ഇന്ന് വാദം നടക്കില്ലെന്നും വലിയ കേസാണെന്നും വിശദമായി പരിശോധന വേണമെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു. കോടതി പലതരം കേസുകൾ കേൾക്കുന്ന ദിനമായ വെള്ളിയാഴ്ച അല്ലാത്ത മറ്റൊരു ദിവസം മതി വാദം എന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസ് വലിച്ച് നീട്ടി കൊണ്ടുപോകാനാണ് ഉദ്ദേശമെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാം എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ഹോളി അവധിക്ക് ശേഷം വാദം ആകാമെന്ന് പിണറായിയുടെ അഭിഭാഷകൻ വി.ഗിരിയും സമ്മതിച്ചു. തുടർന്നാണ് ഏപ്രിൽ ആദ്യത്തിലേക്ക് നിശ്ചയിച്ചത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടുന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരനും അപേക്ഷ നൽകിയിട്ടുണ്ട്.