LiveTV

Live

Kerala

പെരിയ കേസില്‍ പിടിയിലായത് ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍; ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം

നേരത്തേകൊണ്ടുപോയി വെച്ച ആയുധങ്ങളാണ് പൊലീസ് പിടിച്ചെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പെരിയ കേസില്‍ പിടിയിലായത് ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍; ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം

പെരിയ ഇരട്ടക്കൊലപാതക അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം. ഡ്യൂപ്ലിക്കേറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് നാടകം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. നേരത്തെ കൊണ്ടുപോയി വെച്ച ആയുധങ്ങളാണ് പൊലീസ് പിടിച്ചെടുക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സത്യം തെളിയിക്കാനുള്ളതല്ല. പൊലീസ് ആസ്ഥാനത്തെ റോബോട്ടിനെ ഡി.ജി.പി ആക്കിയാല്‍ ഇതിലും വേഗത്തില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനാകുമെന്നും അദ്ദേഹം പരിഹസിച്ചു.

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും രഹസ്യ ചര്‍ച്ച നടത്തിയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മറ്റ് രാഷ്ട്രീയ കൊലപാതക കേസ് അവസാനിപ്പിച്ച പോലെ പെരിയ ഇരട്ടക്കൊലപാതക കേസ് അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കെ. മുരളീധരനും മുന്നറിയിപ്പ് നല്‍കി.