LiveTV

Live

Kerala

വിഭവ വിതരണത്തില്‍ ഏറ്റവും പിറകിലായ മലപ്പുറം

ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നതാണ് കണക്ക്. എന്നാല്‍ 94 പഞ്ചായത്തുകളുള്ള മലപ്പുറത്ത് ആകെയുള്ളത് 65 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ്.

വിഭവ വിതരണത്തില്‍ ഏറ്റവും പിറകിലായ മലപ്പുറം

സംസ്ഥാനത്തിന്റെ വിഭവ വിതരണത്തില്‍ മലപ്പുറം ജില്ലയുടെ സ്ഥാനം ഏറ്റവും പിറകിലാണ്. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ പിന്നാക്കാവസ്ഥയുടെ കെടുതികള്‍ ജില്ല അനുഭവിക്കുന്നുണ്ട്.

ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നതാണ് കണക്ക്. എന്നാല്‍ 94 പഞ്ചായത്തുകളുള്ള മലപ്പുറത്ത് ആകെയുള്ളത് 65 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ്. 118 സര്‍ക്കാര്‍ ആശുപത്രികളുള്ള തിരുവനന്തപുരത്ത് 4574 കിടക്കകളുണ്ട്. എന്നാല്‍ മലപ്പുറത്താകട്ടെ 2508 കിടക്കകള്‍ മാത്രമേയുള്ളൂ. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ എണ്ണത്തിലും വലിയ അന്തരമുണ്ട്.

പൊതുജനാരോഗ്യ രംഗത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവം മൂലം സംസ്ഥാനത്ത് ഏറ്റവുമധികം സ്വകാര്യ ആശുപത്രികളുള്ള ജില്ലയായി മലപ്പുറം മാറി. പൊതുഗതാഗത സംവിധാനത്തിലും സ്ഥിതിയില്‍ മാറ്റമില്ല. തിരുവനന്തപുരം ജില്ലയില്‍ 1383 കെ.എസ്.ആര്‍.ടി.സി ബസുകളുണ്ടെങ്കില്‍ മലപ്പുറത്ത് അത് കേവലം 147 ആണ്.

പ്രവാസം കഴിഞ്ഞാല്‍ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയാണെങ്കിലും ആ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം ഉണ്ടായില്ല എന്ന് തന്നെ പറയാം. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 82 സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളുണ്ട്. തിരുവനന്തപുരത്തേക്കാള്‍ എട്ട് ലക്ഷം അധികം ജനസംഖ്യയുള്ള മലപ്പുറത്താകട്ടെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ എണ്ണം 86 ആണ്. വര്‍ഷവും ജില്ലയിലെ പതിനയ്യായിരത്തോളം കുട്ടികളാണ് പ്ലസ്ടുവിന് സ്വാശ്രയ സ്‌കൂളുകളെ ആശ്രയിക്കുന്നത്.

സ്വന്തമായി കെട്ടിടമില്ലാത്ത സംസ്ഥാനത്തെ 91 പ്രാഥമിക വിദ്യാലയങ്ങളില്‍ ഇരുപതും മലപ്പുറത്താണ് എന്നത് മറ്റൊരു വസ്തുത. സംസ്ഥാനത്തിന്റെ വിഭവ വിതരണത്തിലുള്ള അസന്തുലിതാവസ്ഥയുടെ ഇര കൂടിയാണ് മലപ്പുറം ജില്ല.