LiveTV

Live

Kerala

ഷെഫീഖ് ഖാസിമിക്കെതിരായ പീഡന കേസ്: പെണ്‍കുട്ടിയെ കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അനുമതി

കുട്ടിക്ക് പരീക്ഷ എഴുതാന്‍ സൌകര്യം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു

ഷെഫീഖ് ഖാസിമിക്കെതിരായ പീഡന കേസ്: പെണ്‍കുട്ടിയെ കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അനുമതി

മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാൻ രക്ഷിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും ഹൈക്കോടതി അനുമതി നല്‍കി. ചൈൽഡ് ലൈൻ മകളെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് കാണിച്ച് മാതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർ‍ജിയിലാണ് കോടതി നടപടി.

സംഭവത്തെ തുടർന്ന് ചൈൽഡ് ലൈനിന്റെ സംരക്ഷണയിലുള്ള മകളെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും രക്ഷിതാക്കളുടെ സംരക്ഷണയിൽ വിട്ടുതരണമെന്നുമായിരുന്നു മാതാവിന്റെ ആവശ്യം. എന്നാൽ പെൺകുട്ടിയെ അടുത്ത ബന്ധുക്കൾക്ക് ചൈൽഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലെത്തി കാണാന്‍ കോടതി അനുവാദം നല്‍കി. വൈകിട്ട് 5 മുതൽ 6 വരെ ബന്ധുക്കൾക്ക് കുട്ടിയെ കാണാനാണ് കോടതിയുടെ അനുമതിയുള്ളത്.

പെണ്‍കുട്ടിയുടെ പഠനം മുന്നോട്ട്കൊണ്ടുപോകാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പരീക്ഷ എഴുതുന്നതിന് ഹാജർ തടസമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി ചൈൽഡ് ലൈനോട് ആവശ്യപ്പെട്ടു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇമാം ഷെഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.