LiveTV

Live

Kerala

വ്യത്യസ്ത വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം

സംസ്ഥാന പ്രസിഡന്റിനെതിരെ മുരളീധരപക്ഷം പരാതി നൽകാനാണ് സാധ്യത.

വ്യത്യസ്ത വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം

ബി.ജെ.പിയിൽ വ്യത്യസ്ത വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷൻ ഇന്ന് കേരളത്തിലെത്തുന്നത്. നാല് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്തുന്ന അമിത് ഷാക്ക് മുന്നിൽ പരാതി ക്കെട്ടുകളുമായാണ് ഗ്രൂപ്പ് നേതാക്കൾ എത്തുക. സംസ്ഥാന പ്രസിഡന്റിനെതിരെ മുരളീധരപക്ഷം പരാതി നൽകാനാണ് സാധ്യത.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലോചനയില്ലാതെ സാധ്യത പട്ടിക തയ്യാറാക്കായതിൽ പ്രസിഡന്റ് വിരുദ്ധ ഗ്രൂപ്പുകൾ മുന്നണിയായി തന്നെ ദേശീയ നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ദേശീയ അധ്യക്ഷന്റെ മുന്നിലേക്ക് പരാതികളെത്തിക്കാനാണ് ഇനി ശ്രമിക്കുക. പാർട്ടിയിൽ മതിയായ കൂടിയാലോചനകളില്ലാതെ സംസ്ഥാന പ്രസിഡന്റ് മുന്നോട്ട് പോകുന്നുവെന്നാണ് മുരളീധര പക്ഷത്തിന്റെ പരാതി. ഇവർ കഴിഞ്ഞ ദിവസം നടന്ന കോർ കമ്മിറ്റിയിൽ നിന്ന് വിട്ടുനിന്നിരുന്നു. പക്ഷേ ഇവരുടെ അസാന്നിധ്യത്തിൽ നടന്ന യോഗത്തിലും പ്രസിഡന്റിന്റെ നിലപാടിനെതിരെ വിമർശനമുയർന്നിരുന്നു. ഇപ്പോൾ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഗ്രൂപ്പു പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. ബി.ഡി.ജെ.എസ് ചോദിച്ചതൃശൂർ മണ്ഡലത്തിന് പകരം പാലക്കാട് കൊടുക്കാമെന്ന് ഒരു വിഭാഗം പറഞ്ഞത് ഗ്രൂപ്പ് നീക്കത്തിന്റെ ഭാഗമാണ്.

ബി.ഡി.ജെ.എസിന്റെ അഞ്ച് സീറ്റിൽ മൂന്നെണ്ണം ധാരണയായെങ്കിലും തൃശൂർ അടക്കം രണ്ട് സീറ്റിന്റെ കാര്യത്തിൽ തർക്കത്തിലാണ്. ബി.ജെ.പിയിലെ ഗ്രൂപ്പ് തർക്കമാണ് ബി.ഡി.ജെ.എസിന്റെ സീറ്റു കാര്യത്തിൽ തീരുമാനമാകാത്തത്. ഇക്കാര്യവും ഇന്ന് അമിത് ഷാക്ക് മുന്നിൽ എത്തും. സംസ്ഥാന പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടടക്കം നിരവധി പരാതികളോട് ദേശീയ അധ്യക്ഷന്റെ പ്രതികരണം എന്താകുമെന്നതാണ് സംസ്ഥാന നേതാക്കൾ ഉറ്റുനോക്കുന്നത്. തർക്കം തുടരുന്നതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്.