LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയിലേക്ക്

എം.എല്‍.എയുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് ശരത്ത് ലാലിന്റെ പിതാവ്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിലേ എല്ലാ തെളിവും പുറത്തുവരൂ എന്നും കൃപേഷിന്റെ പിതാവ്...

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയിലേക്ക്

‌പെരിയ ഇരട്ടക്കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്‍റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ ഹൈക്കോടതിയിലേക്ക്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും എം.എല്‍.എയുടെ നേതൃത്വത്തിലാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നും ശരത് ലാലിന്റെ പിതാവ് പി.കെ സത്യനാരായണന്‍ പറഞ്ഞു.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ അറിവോടെയാണ് പെരിയയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളെന്നാണ് ശരത്ത്‌ലാലിന്റെ പിതാവ് ആരോപിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തത് കുഞ്ഞിരാമന്റെ അറിവോടെയായിരുന്നു. പീതാംബരന്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് കുറ്റം ഏറ്റെടുത്തതെന്നും ശരത്ത് ലാലിന്റെ പിതാവ് പി.കെ സത്യനാരായണന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

Also read: പെരിയ ഇരട്ടക്കൊല; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

മാസങ്ങള്‍ക്ക് മുമ്പ് ഗൂഢാലോചനയും ആസൂത്രണവും നടന്നു. സി.പി.എം അനുഭാവികളായ ശാസ്താ ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ കൊലപാതകം നടക്കുമെന്ന് നേരത്തെ അറിഞ്ഞു. കണ്ണൂരിലെ ക്രിമിനലുകളായി പീതാംബരന് അടുത്ത ബന്ധമുണ്ട്. ലോക്കല്‍, ഏരിയാ തലത്തില്‍ ഗൂഢാലോചന നടത്തി. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സത്യനാരായണന്‍ ആവശ്യപ്പെട്ടു.

അതേസമയം ശരത് ലാലിന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് കുഞ്ഞിരാമന്‍ എം.എല്‍.എ മീഡിയവണ്ണിനോട് പ്രതികരിച്ചത്.

പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൃപേഷിന്റെ പിതാവ്

പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിലേ എല്ലാ തെളിവും പുറത്തുവരൂ എന്നും കൃപേഷിന്റെ പിതാവ് പ്രതികരിച്ചു. പിടിയിലായ പ്രതികള്‍ക്ക് പുറമേ പലര്‍ക്കും സംഭവവുമായി ബന്ധമുണ്ട്. പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു

എന്റെ മകനെ വെട്ടിയ സ്ഥലത്ത് അഞ്ചാറ് വീടുണ്ട്. വെട്ടിയ സമയത്ത് ആ വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. ശാസ്ത എന്ന് പറയുന്ന വീട്ടില്‍ പത്തിരുപത്തഞ്ച് വണ്ടിയുണ്ട്. പക്ഷേ ആ സമയത്ത് ഒരു കാറും മറ്റൊരു വണ്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയൊക്കെ മാറ്റി. ഇത് ഇവരുടെയെല്ലാം ഒത്താശയിലാണ് നടന്നതെന്നതിന്റെ തെളിവാണെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു.