LiveTV

Live

Kerala

സി.പി.എം നേതാവിന്‍റെ കൊലവിളി പ്രസംഗം, മോദിയുടെ ഫോട്ടോ ഷൂട്ട്- ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ 

പെരിയ ഇരട്ടക്കൊല കേസ്, പുല്‍വാമ ഭീകരാക്രമണത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്, കര്‍ഷകരുടെ ലോങ് മാര്‍ച്ച്... ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സി.പി.എം നേതാവിന്‍റെ കൊലവിളി പ്രസംഗം, മോദിയുടെ ഫോട്ടോ ഷൂട്ട്-  ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ 

പെരിയ ഇരട്ടക്കൊല അന്വേഷണം ക്രൈംബ്രാഞ്ചിന്

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിട്ടു. കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റ്റിലായ ഏഴ് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് വ്യക്തമാക്കി. ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം വിവാദമായി.

ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ മോദി ജിം കോർബെറ്റിലെ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു

പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞ മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബെറ്റിലെ ദേശീയ പാർക്കിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്. അവിടെ വീഡിയോയുടെ ഷൂട്ടിംഗിലായിരുന്നു മോദി. 6:30 വരെ ഷൂട്ടിങ് തുടർന്നു. 6:45ന് ചായയും ലഘുഭക്ഷവും കഴിച്ചു. അപ്പോഴേക്കും പുല്‍വാമയില്‍‌ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണ്. സ്വന്തം ബ്രാന്‍റിംഗിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി.

കര്‍ഷകരുടെ ലോങ് മാര്‍ച്ച് 13 കിലോമീറ്റര്‍ പിന്നിട്ടു

മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ലോങ് മാര്‍ച്ച് 13 കിലോമീറ്റര്‍ പിന്നിട്ടു. ആദ്യ വിശ്രമസ്ഥലമായ വില്‍ഹോളിയിലെ മൈതാനത്താണ് കര്‍ഷകരിപ്പോള്‍. അതേസമയം മഹാരാഷ്ട്ര മന്ത്രിമാരായ ഗിരീഷ് മഹാജന്‍, ജയ് പ്രകാശ് റാവല്‍ എന്നിവര്‍ കിസാന്‍സഭ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്.

നിരോധിത കീടനാശിനികള്‍ കേരളത്തിലേക്ക് ഒഴുകുന്നു

തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ വിഷം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോഴും കേരളത്തിലേക്ക് വന്‍ തോതില്‍ നിരോധിത കീടനാശിനി അതിര്‍ത്തി കടന്നു വരുന്നുണ്ട്. നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തെത്തിക്കാന്‍ ഇടനിലക്കാരുടെ ശൃംഖലയും സജീവമാണ്. ഇത് തടയാന്‍ യാതൊരുവിധ പരിശോധനയും അതിര്‍ത്തികളില്‍ ഇല്ല.

വൈദികരുടെ ലൈംഗികാതിക്രമം: മാര്‍പാപ്പ വിളിച്ച അസാധാരണ സമ്മേളനം തുടരുന്നു

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പുമാരുടെ യോഗത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. പുരോഹിതന്മാര്‍ക്കെതിരായ ലൈംഗികാരോപണങ്ങൾ വര്‍ധിച്ച സാഹചര്യത്തില്‍ മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ബിഷപ്പുമാരുടെ യോഗം വത്തിക്കാനില്‍ തുടരുകയാണ്.