LiveTV

Live

Kerala

പെരിയ കൊലപാതകം; റവന്യുമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു

സി.ബി.ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധപ്പെടുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.

പെരിയ കൊലപാതകം; റവന്യുമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രതിനിധിയായാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരനും, വി.ഡി സതീശനും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

കൊലപാതകത്തിന് ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി പെരിയയിലെത്തുന്നത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സന്ദര്‍ശനം. രാവിലെ 9.30ഓടെ മന്ത്രി കൃപേഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ശരത്ത്‌ലാലിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിക്ക് മുന്നില്‍ കുടുംബാംഗങ്ങള്‍ പൊട്ടിക്കരഞ്ഞു.

നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രതിനിധിയായാണ് എത്തിയതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധപ്പെടുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.

കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനും എം.എല്‍.എ വി.ഡി സതീശനും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സുധീരന്‍ പറഞ്ഞു. ജനരോഷം മറികടക്കാനാണ് റവന്യു മന്ത്രി പെരിയയിലെത്തിയതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.