LiveTV

Live

Kerala

കെ. സി വേണുഗോപാല്‍, അബ്ദുല്‍ മജീദ്, റോസക്കുട്ടി ടീച്ചര്‍: ആരാവും വയനാട്ടില്‍ യു.ഡി.എഫ് മുഖം

കേന്ദ്രത്തില്‍ ഭരണമാറ്റം വന്നാല്‍ മന്ത്രിപദവി ലഭിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ വേണുഗോപാലിനെ പരിഗണിച്ചാല്‍ അതിന്റെ ഗുണം പിന്നാക്ക മണ്ഡലമായ വയനാടിനായിരിക്കുമെന്നും

കെ. സി വേണുഗോപാല്‍, അബ്ദുല്‍ മജീദ്, റോസക്കുട്ടി ടീച്ചര്‍: ആരാവും വയനാട്ടില്‍ യു.ഡി.എഫ് മുഖം

യു.ഡി.എഫിന്റെ ഗ്രേഡ് എ മണ്ഡലമായി വിലയിരുത്തപ്പെടുന്ന വയനാട്ടില്‍ കെ.സി വേണുഗോപാലിനെ മത്സരിപ്പിക്കണമന്ന ആവശ്യവുമായി പ്രാദേശിക നേതാക്കള്‍ രംഗത്ത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള രണ്ടാംനിര നേതാക്കളുടെയും, വയനാട്ടില്‍ കണ്ണുവെക്കുന്ന യുവ നേതാക്കളുടെയും തള്ളിക്കയറ്റം ഒഴിവാക്കാനാണ് പ്രാദേശിക നേതാക്കളുടെ ശ്രമം. പ്രാദേശിക പരിഗണനയില്‍ മത്സരിപ്പിക്കേണ്ടത് തന്നെയാണെന്ന ന്യായം ഉയര്‍ത്തി റോസക്കുട്ടി ടീച്ചറും രംഗത്തുണ്ട്.

എം.ഐ ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് തന്നെ വയനാട് മണ്ഡലത്തില്‍ സീറ്റ് കിട്ടാനായി മുന്‍നിര നേതാക്കളും രണ്ടാംനിര നേതാക്കളും ചുരം കയറിത്തുടങ്ങിയിരുന്നു. വെല്ലുവിളികളില്ലാതെ ജയിച്ചു കയറാനാവുമെന്ന പ്രതീക്ഷയില്‍ തെക്കുനിന്ന് കൂട് മാറാന്‍ ഒരുങ്ങിയവരും കൂട്ടത്തിലുണ്ട്. എന്നാല്‍ മണ്ഡലത്തിനകത്തെ നേതാക്കളും പ്രവര്‍ത്തകരും പുറമെ നിന്നുള്ളവരെ മത്സരിപ്പിക്കുന്നതില്‍ അസ്വസ്ഥരാണ്. വയനാട്ടുകാരിയെന്ന പരിഗണ വെച്ച് തന്നെ മത്സരിപ്പിക്കുമെന്നാണ് റോസക്കുട്ടി ടീച്ചറുടെ പ്രതീക്ഷ. വയനാടിന്റെ മനസ്സറിയുന്ന തന്നെ പരിഗണിക്കേണ്ടതിന്റെ ന്യായം എ.ഐ.സി.സിക്കറിയാമെന്നാണ് ടീച്ചര്‍ പറയുന്നത്.

ഐ ഗ്രൂപ്പുകാരുടെ തട്ടകമായ വയനാട് മണ്ഡലത്തില്‍ മുസ്‍ലിം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ ഗ്രൂപ്പിനകത്തെ മുസ്‍ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള സാധ്യതയിലാണ് മറ്റൊരു കൂട്ടരുടെ പ്രതീക്ഷ. കെ.പി.സി.സി സെക്രട്ടറി കൂടിയായ അബ്ദുല്‍ മജീദ് ഈ യോഗ്യതകളുമായാണ് കാത്തിരിക്കുന്നത്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനായതിനാല്‍ മജീദിന് നറുക്ക് വീണേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇതിനിടയിലും മുന്‍നിര നേതാക്കളില്‍ പലരും മണ്ഡലത്തില്‍ കണ്ണുവെക്കുന്നതറിഞ്ഞാണ് വയനാട്ടിലെ കോണ്‍ഗ്രസുകാര്‍ മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനെ നിര്‍ത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. നേരത്തെ എ.ഐ.സി.സി കര്‍ണാടകയുടെ ചുമതല ഏല്‍പ്പിച്ചിരുന്ന കെ.സി വേണുഗോപാല്‍ അതേ സാഹചര്യങ്ങളുള്ള വയനാടിന് കൂടുതല്‍ അനുയോജ്യനാണെന്നാണ് വയനാട്ടില്‍ നിന്നുള്ള പാര്‍ട്ടിക്കാരുടെ പക്ഷം. കേന്ദ്രത്തില്‍ ഭരണമാറ്റം വന്നാല്‍ മന്ത്രിപദവി ലഭിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ വേണുഗോപാലിനെ പരിഗണിച്ചാല്‍ അതിന്റെ ഗുണം പിന്നാക്ക മണ്ഡലമായ വയനാടിനായിരിക്കുമെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു.