LiveTV

Live

Kerala

എറിക്സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍, 453 കോടി കെട്ടിവെച്ചില്ലെങ്കില്‍ തടവിലിടും- ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ 

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

 എറിക്സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍, 453 കോടി കെട്ടിവെച്ചില്ലെങ്കില്‍ തടവിലിടും- ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ 

അനില്‍ അംബാനി കുറ്റക്കാരന്‍

എറിക്‌സണ്‍ ഇന്ത്യക്കുള്ള കുടിശ്ശിക അടക്കാത്തതില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. നാല് ആഴ്ചക്കുള്ളില്‍ 453 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. അംബാനിയുടേത് കോടതിയലക്ഷ്യമാണെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ഭീകരവാദം നേരിടാന്‍ ഇന്ത്യക്ക് സൗദിയുടെ പിന്തുണ

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. അഞ്ച് പ്രധാന മേഖലകളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു.

പെരിയ ഇരട്ടക്കൊലക്ക് കാരണം രാഷ്ട്രീയ വിരോധം

കാസര്‍കോട് പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

10 ലക്ഷത്തിലധികം ആദിവാസികളെ ഒഴിപ്പിക്കണം

രാജ്യത്തെ 10 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. വനാവകാശ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ച കുടുംബങ്ങളെയാണ് ഒഴിപ്പിക്കുക. ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാം സ്വര്‍ണത്തിന് 3,145 രൂപ എന്ന നിരക്കില്‍ പവന് 25,160 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് സ്വര്‍ണം കാല്‍ ലക്ഷം രൂപ കടക്കാന്‍ കാരണം.