LiveTV

Live

Kerala

സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോട്ടയം മണ്ഡലത്തില്‍ പ്രചരണമാരംഭിച്ച് പി.സി തോമസ്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് പോലും അറിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം

സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോട്ടയം മണ്ഡലത്തില്‍ പ്രചരണമാരംഭിച്ച് പി.സി തോമസ്

കോട്ടയം മണ്ഡലത്തില്‍ പ്രചരണത്തില്‍ എന്‍.ഡി.എയ്ക്കുള്ളില്‍ ആശയകുഴപ്പം. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പി.സി തോമസ് പ്രചരണം ആരംഭിച്ചെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് പോലും അറിഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വം പറയുന്നത്. ജില്ലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടും സീറ്റ് നഷ്ടമായതില്‍ ബി.ജെ.പിയില്‍ അമര്‍ഷമുണ്ടെന്നാണ് സൂചന.

പി. സി തോമസുമായി എന്‍.ഡി.എ സംസ്ഥാന നേതൃത്വം അനൌദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി. സി തോമസ് കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചത്. എന്‍.ഡിഎയുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുന്‍പ് പി.സി തോമസ് നടത്തിയ ഈ നീക്കം ബിജെപി പ്രവര്‍ത്തകര്‍ക്കുള്ളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. കോട്ടയത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് ബിജെപി ജില്ല നേതൃത്വം പറയുന്നത്.

മൂവാറ്റുപുഴയില്‍ നിന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നേടിയ വിജയം തന്നെയാണ് പി.സി തോമസിനെ കോട്ടയത്ത് പരീക്ഷിക്കാന്‍ എന്‍.ഡി.എയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബി.ജെ.പി ജില്ലാഘടകത്തിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. പി. സി തോമസിന് പകരം സാധ്യതയുള്ള മറ്റാരുടെയെങ്കിലും പേര് ബി.ജെ.പി ജില്ലാ ഘടകം നിര്‍ദ്ദേശിച്ചാല്‍ പി.സിക്ക് കോട്ടയം നഷ്ടമായേക്കാം. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അടക്കം പിന്തുണ നേടാന്‍ പി.സി തോമസ് തന്നെയാണ് നല്ലതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.