LiveTV

Live

Kerala

വനം വകുപ്പുമായി തര്‍ക്കത്തിലുള്ള പെരിയ ചോല എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ചു

തര്‍ക്ക ഭൂമിയുടെ ഭൂനികുതി സ്വീകരിച്ചതോടെ കോടതിയിലും വനം വകുപ്പിന്‍റെ വാദങ്ങള്‍ ദുര്‍ബ്ബലമാകും.

 വനം വകുപ്പുമായി തര്‍ക്കത്തിലുള്ള പെരിയ ചോല എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ചു

അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന നെല്ലിയാമ്പതിയിലെ പെരിയാ ചോല എസ്റ്റേറ്റിന്‍റെ നികുതി സ്വീകരിച്ച് തുടങ്ങി. വനം വകുപ്പും സ്വകാര്യ വ്യക്തികളും തമ്മില്‍ ഉടമാവസ്ഥാവകാശത്തെ ചൊല്ലി ‍തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരമാണ് നികുതി സ്വീകരിക്കുന്നത്.

242 ഹെക്ടര്‍ വരുന്ന വിശലമായ ഭൂപ്രദേശമാണ് പെരിയ ചോല എസ്റ്റേറ്റ്. മുതലമട വില്ലേജ് ഒന്നിലെ രേഖകള്‍ പ്രകാരം സ്വകാര്യ വ്യക്തികളുടെ ഭൂമിയാണിത്. എന്നാല്‍ വനഭൂമിയാണെന്ന് വനം വകുപ്പും അവകാശപ്പെടുന്നു. ഇ.എഫ്.എല്‍ പരിധിയില്‍ വരുന്നതിനാല്‍ 2007 മുതല്‍ ഈ ഭൂമിയുടെ കരം സ്വീകരിക്കുന്നില്ല. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമെ കരം സ്വീകരിക്കാവു എന്നാണ് അന്നത്തെ ജില്ലാകലക്ടറുടെ ഉത്തരവ്. എന്നാല്‍ പാലക്കാട് ജില്ലാകലക്ടര്‍ കഴിഞ്ഞ മാസം 26ന് ഇറക്കിയ സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തിലാണ് 28 പേരില്‍നിന്നും ഭൂനികുതി സ്വീകരിച്ചത്.

വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ഭൂനികുതി സ്വീകരിക്കാന്‍ വനം വകുപ്പിന്‍റെ എന്‍.ഒ.സി ഹാജരാക്കണമെന്ന നിബന്ധന പാലിക്കേണ്ടതില്ലെന്നും റവന്യൂ രേഖകള്‍ പരിശോധിച്ച് നികുതി സ്വീകരിക്കണമെന്നും കലക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. തര്‍ക്ക ഭൂമിയുടെ ഭൂനികുതി സ്വീകരിച്ചതോടെ കോടതിയിലും വനം വകുപ്പിന്‍റെ വാദങ്ങള്‍ ദുര്‍ബ്ബലമാകും. കാപ്പി, കുരുമുളക് തുടങ്ങിയ വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് പെരിയ ചോല എസ്റ്റെറ്റിന്‍റെ ഭൂനികുതി സ്വീകരിച്ചതിനാല്‍ വനം വകുപ്പുമായി തര്‍ക്കത്തിലുള്ള കൂടുതല്‍ പേര്‍ നികുതിയടക്കാനുള്ള ആവശ്യവുമായി രംഗത്തെത്തും.