LiveTV

Live

Kerala

കണ്ണൂര്‍ സര്‍വകലാശാല ഓഫീസിന് മുന്നില്‍ രജിസ്ട്രാറുടെ പ്രതിഷേധം

കീഴോത്തിനെ സസ്പെന്‍ഡ് ചെയ്ത സര്‍വകലാശാല നടപടി കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല ഓഫീസിന് മുന്നില്‍ രജിസ്ട്രാറുടെ പ്രതിഷേധം

കണ്ണൂര്‍ സര്‍വകലാശാല ഓഫീസിന് മുന്നില്‍ രജിസ്ട്രാറുടെ പ്രതിഷേധം. ഹൈക്കോടതി ഉത്തരവുമായി എത്തിയിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെതിരെ രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് .കീഴോത്തിനെ സസ്പെന്‍ഡ് ചെയ്ത സര്‍വകലാശാല നടപടി കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

വൈസ് ചാന്‍സലര്‍ക്കെതിരെ സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് ആരോപിച്ചായിരുന്നു രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചു . തുടര്‍ന്ന്കീഴോത്തിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കോടതി ഉത്തരവുമായി ഇന്നലെ രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്തിയെങ്കിലും വി.സിയോ പ്രോ വി.സിയോ സ്ഥലത്തില്ലാത്തതിനാല്‍ മടങ്ങി പോകേണ്ടി വന്നു . ഇന്ന് രാവിലെ 10 മണിയോടെ സര്‍വകലാശാലയിലെത്തിയ രജിസ്ട്രാറെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ല . ഇതിനെ തുടര്‍ന്ന് ഓഫീസിന് കുത്തിയിരുന്ന് ഡോ. ബാലചന്ദ്രന്‍ കീഴോത്ത് പ്രതിഷേധം ആരംഭിച്ചു.

എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമായതിന് ശേഷമേ രജിസ്ട്രാറിനെ ജോലിയില്‍ പ്രവേശിപ്പിക്കൂയെന്നാണ് സര്‍വകലാശാലയുടെ നിലപാട്. സര്‍വകലാശാലയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് രജിസ്ട്രാര്‍ പരാതി നല്‍കി.