LiveTV

Live

Kerala

കൊച്ചിയില്‍ ചെരിപ്പ് ഗോഡൗണ്‍ കത്തിനശിച്ചു; തീ നിയന്ത്രണവിധേയമാക്കി 

കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കൊച്ചിയില്‍ ചെരിപ്പ് ഗോഡൗണ്‍ കത്തിനശിച്ചു; തീ നിയന്ത്രണവിധേയമാക്കി 

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപം ചെരിപ്പ് ഗോഡൌണില്‍ വന്‍ തീപിടിത്തം. ആറ് നില കെട്ടിടത്തിലെ അഞ്ച് നിലകള്‍ പൂര്‍ണമായി കത്തിനശിച്ചു. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി മേയര്‍ സൌമിനി ജയിന്‍ പറഞ്ഞു.

ഇന്ന് രാവിലെ 10 മണിയോടെയാണ് എറണാകുളം സൌത്ത് റെയില്‍വെ സ്റ്റേഷന് സമീപമുളള പ്രമുഖ ചെരിപ്പ് നിര്‍മാണ ഗ്രൂപ്പായ പാരഗണിന്റെ ഷോറൂമും ഗോഡൌണും ഉള്‍പ്പെടുന്ന കെട്ടിടത്തിന് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്നാണ് തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഇരുപതില്‍ അധികം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു. ഇവര്‍ പെട്ടെന്ന് പുറത്തേക്ക് രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

മറ്റ് കെട്ടിടങ്ങളില്‍ തീപടരുന്നത് നിയന്ത്രിക്കാനായെങ്കിലും മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി നിയന്ത്രിക്കാനായത്. ഫയര്‍ഫോഴ്സിന്റെ 20 യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും ആധുനിക അഗ്നിരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസ്സമായി.

നേവി, മെട്രോ, ബിപിസിഎല്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ആധുനിക അഗ്നിരക്ഷാ ഉപകരണങ്ങള്‍ കൂടി സ്ഥലത്ത് എത്തിച്ചാണ് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാനായത്. ഏകദേശം അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.