LiveTV

Live

Kerala

കാസര്‍കോട് ഇരട്ടകൊലപാതകങ്ങളില്‍ ഘടകക്ഷികള്‍ക്ക് സി.പി.എമ്മിനോട് അതൃപ്തി

കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ വടക്കന്‍ മേഖല ജാഥ ആരംഭിച്ചതിന് പിറ്റേദിവസം തന്നെ കൊലപാതകം നടത്തിയത് വഴി ജാഥയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയെന്നാണ് ചില ഘടകക്ഷി നേതാക്കളുടെ അഭിപ്രായം. 

 കാസര്‍കോട് ഇരട്ടകൊലപാതകങ്ങളില്‍  ഘടകക്ഷികള്‍ക്ക് സി.പി.എമ്മിനോട് അതൃപ്തി

തെരഞ്ഞെടുപ്പ് ജാഥകള്‍ ആരംഭിച്ചതിന് പിന്നാലെ നടന്ന ഇരട്ടകൊലപാതകങ്ങളില്‍ ഇടത് മുന്നണിയിലെ ഘടകക്ഷികള്‍ക്ക് സി.പി.എമ്മിനോട് അതൃപ്തി. കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ വടക്കന്‍ മേഖല ജാഥ ആരംഭിച്ചതിന് പിറ്റേദിവസം തന്നെ കൊലപാതകം നടത്തിയത് വഴി ജാഥയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയെന്നാണ് ചില ഘടകക്ഷി നേതാക്കളുടെ അഭിപ്രായം. ജാഥയുടെ സ്വീകരണ വേദികള്‍ കൊലപാതകങ്ങള്‍ക്ക് മറുപടി പറയാനുള്ള വേദിയായി മാറേണ്ട സാഹചര്യമുണ്ടാക്കിയതില്‍ സി.പി.ഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്.

കാനം രാജേന്ദ്രന്‍ നയിക്കുന്ന കേരള സംരക്ഷണ ജാഥ മഞ്ചേശ്വരത്ത് നിന്നാരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ശബരിമല വിഷയത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടയില്‍ നടന്നെ കൊലപാതകങ്ങള്‍ സി.പി.എമ്മിനെ മാത്രമല്ല ഇടത് മുന്നണിയെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയെന്നാണ് ഘടകക്ഷി നേതാക്കള്‍ പറയുന്നത്.കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആരംഭിച്ച ജാഥയുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് കൊലപാതകങ്ങള്‍ ഉണ്ടായതെന്നാണ് ഇടത് മുന്നണിയിലെ മറ്റ് ഘടകക്ഷികളുടെ അഭിപ്രായം.ജാഥയുടെ സ്വീകരണ വേദികളില്‍ ഇനി മുതല്‍ ഇതിന്റെ ന്യായീകരണം കൂടി നിരത്തേണ്ടി വരുമെന്ന അതൃപ്തി സി.പി.ഐ അടക്കമുള്ള ഘടക കക്ഷികള്‍ക്കുണ്ട്.സി.പി.ഐയുടെ അതൃപ്തിയുടെ സൂചനകളാണ് റവന്യൂ മന്ത്രിയുടെ വാക്കുകളിലൂടെ ഇന്നലെ പുറത്ത് വന്നത്.

കൊലപാതകികളെ സി.പി.എം തള്ളിപ്പറഞ്ഞെങ്കിലും അതുകൊണ്ടൊന്നും നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടല്‍.എന്നാല്‍ സി.പി.എമ്മിനോടുള്ള അതൃപ്തി മറ്റ് ഘടകക്ഷി നേതാക്കള്‍ പരസ്യമാക്കാന്‍ സാധ്യതയില്ല.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയില്‍ അസ്വാരസ്യങ്ങളുണ്ടായാല്‍ അത് സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയെ വരെ ബാധിക്കുമെന്ന് നേതാക്കള്‍ പറയുന്നുണ്ട്. കൊലപാതകികളെ വേഗത്തില്‍ പിടികൂടുന്നതിനൊപ്പം തന്നെ അവര്‍ സി.പി.എം പ്രവര്‍ത്തകരാണെങ്കില്‍ ഒരു നിമിഷം വൈകാതെ പുറത്താക്കണമെന്നാവശ്യവും ഘടകക്ഷികള്‍ക്കുണ്ട്.