LiveTV

Live

Kerala

സോളാര്‍ തട്ടിപ്പ് കേസ്: സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

ഒന്നര വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. പ്രതികള്‍ വിശ്വാസ വഞ്ചന നടത്തിയെന്ന് വിലയിരുത്തിയ കോടതി എന്നാല്‍...

സോളാര്‍ തട്ടിപ്പ് കേസ്: സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

വ്യവസായി ടി.സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി തട്ടിയ കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു. വിശ്വാസ വഞ്ചന നടന്നെങ്കിലും തട്ടിപ്പ് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജു‍‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്നു പറഞ്ഞ് വ്യവസായി ടി.സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി തട്ടിയെന്നാണ് കേസ്. ടി.സി മാത്യു നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ സരിത നായരെ ഒന്നാം പ്രതിയും, ബിജു രാധാകൃഷ്ണനെ രണ്ടാം പ്രതിയുമാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്നര വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്.

പ്രതികള്‍ വിശ്വാസ വഞ്ചന നടത്തിയെന്ന് വിലയിരുത്തിയ കോടതി എന്നാല്‍ പൊസിക്യൂഷന് തട്ടിപ്പ് തെളിയിക്കാനായില്ലെന്നു കണ്ടെത്തി. നിരുപാധികമാണ് രണ്ട് പ്രതികളേയും വെറുതെ വിട്ടത്. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് 2013ലാണ് സംഭവം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് സര്‍ക്കാരിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.