LiveTV

Live

Kerala

രണ്ട് സീറ്റ് വേണമെന്ന ആവശ്യം;  പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ മുസ്‍ലിം ലീഗ് രംഗത്ത്

ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം യു.ഡി.എഫ് സീറ്റ് വിഭജനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയും..

രണ്ട് സീറ്റ് വേണമെന്ന ആവശ്യം;  പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ മുസ്‍ലിം ലീഗ് രംഗത്ത്

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ മുസ്‍ലിം ലീഗ് രംഗത്ത്. കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും കെ.എം മാണിയും പി.ജെ ജോസഫുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനം നല്‍കിയാല്‍ ജോസഫ് കടുത്ത നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് സൂചന.

ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം യു.ഡി.എഫ് സീറ്റ് വിഭജനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും കെ.എം മാണിയും പി.ജെ ജോസഫുമായി ചര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ എം.എല്‍.എ ഹോസ്റ്റലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായതായും കുഞ്ഞാലിക്കുട്ടി സമ്മതിച്ചു.

ഇടുക്കി ലഭിച്ചാല്‍ മത്സരിക്കാനുള്ള സന്നദ്ധതയും ജോസഫ് അറിയിച്ചു. സീറ്റ് നല്‍കാനാവില്ലെന്ന് മാണി വ്യക്തമാക്കി. ഇതോടെ പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകളാണ് പിന്നെ നടന്നത്. ജോസ് കെ മാണി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നതിലെ എതിര്‍പ്പും ജോസഫ് ലീഗ് നേതാക്കളെ അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെങ്കിലും പ്രശ്നം ഒത്തുതീര്‍പ്പാകുമെന്ന സൂചനയാണ് ലീഗ് നേതാക്കള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ലീഗ് നേതാക്കളുടെ ദൌത്യം.