LiveTV

Live

Kerala

“സർക്കാർ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ല”; ഒരു മാസം പിന്നിട്ട് എംപാനല്‍ സമരം 

ജോലിയിൽ തിരിച്ചെടുക്കുക അല്ലെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകുക എന്നതാണ് ആവശ്യം

“സർക്കാർ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ല”; ഒരു മാസം പിന്നിട്ട് എംപാനല്‍ സമരം 

തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാർ നടത്തുന്ന സമരം തുടങ്ങിയിട്ട് ഒരു മാസം. സർക്കാർ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കും.

പുറത്താക്കപ്പെട്ട എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റ്‌ പടിക്കൽ സമരം തുടങ്ങിയിട്ട് ഒരു മാസമായി. ജോലിയിൽ തിരിച്ചെടുക്കുക അല്ലെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകുക. ഇതിലേതെങ്കിലും ലഭിക്കാതെ തിരികെ വീട്ടിൽ പോകാൻ കഴിയില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഒരിക്കൽ മാറ്റിവച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വിലാപയാത്ര 21ന് നടത്താനും തീരുമാനിച്ചു.

അതിനിടെ കോർപ്പറേഷൻ സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിന് ആനുപാതികമായി കണ്ടക്ടർമാരുടെ എണ്ണം പുനർനിർണ്ണയിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിൽ വരുന്ന ഒഴിവുകൾ പി.എസ്.സിയെ അറിയിക്കും. ഒഴിവുകൾ നികത്തുന്നതുവരെ ദിവസ വേതന അടിസ്ഥാനത്തിൽ എംപാനലുകാരെ നിയമിക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്.