LiveTV

Live

Kerala

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

വിലാപയാത്രക്കൊപ്പം വന്നവര്‍ കല്ലിയോട് ജംഗ്ഷനിൽ കടകള്‍ക്ക് തീയിട്ടത് സംഘര്‍ഷത്തിനിടയാക്കി

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

കാസർകോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. കൃപേഷിന്റെയും ശരത് ലാലിന്‍റെയും മൃതദേഹങ്ങള്‍ പരിയാത്ത് നിന്നും വിലാപയാത്രയായാണ് കല്ലിയോട്ടെ വീടുകളിലെത്തിച്ചത്. രാത്രി എട്ടേമുക്കാലോടെയാണ് സംസ്കാരം നടന്നത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ജനാവലി സംസ്കാര ചടങ്ങിനെത്തി. അതിനിടെ വിലാപയാത്രക്കൊപ്പം വന്നവര്‍ കല്ലിയോട് ജംഗ്ഷനിൽ കടകള്‍ക്ക് തീയിട്ടത് സംഘര്‍ഷത്തിനിടയാക്കി.

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് കൊലപാതകം നടന്നത്. കല്യോട്ടെ കൃഷ്ണന്റെയും ബാലാമണിയുടെയും മകന്‍ കൃപേഷ്, കൂരാങ്കരയിലെ സത്യനാരായണന്റെ മകന്‍ ശരത് എന്നിവരാണ് മൂന്നംഗ സംഘത്തിന്റെ വേട്ടേറ്റ് മരിച്ചത്. കൃപേഷിന് 19 ഉം, ശരതിന് 22 ഉം വയസ്സാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.