LiveTV

Live

Kerala

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞു; സംഘര്‍ഷം

100 കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞു; സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ സംഘര്‍ഷം. മിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. 100 കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണി വരെ തുടരും.

നേരം വെളുത്തപ്പോഴാണ് ഹര്‍ത്താലാണന്ന വിവരം പൊതുജനം അറിഞ്ഞത്. രാവിലെ സാധാരണ രീതിയില്‍ സ്വകാര്യ ബസ്സുകളടക്കം സര്‍വ്വീസ് നടത്തിയതുകൊണ്ട് അധികം ബുദ്ധിമുട്ടിയില്ല. പക്ഷെ ഒന്‍പത് മണിയോട് കൂടി ചിത്രം മാറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. പാലക്കാടും കോഴിക്കോടും അടക്കമുള്ള പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വടകര പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത് സംഘര്‍ഷത്തിലെത്തി. പൊലീസ് അകമ്പടിയോടു കൂടി കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ചില സ്ഥലങ്ങളില്‍ സര്‍വ്വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തി വെച്ചു. ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയേറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.

മലപ്പുറം ഡിസി ഓഫീസിലെ ജീവനക്കാരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചെങ്കിലും ഭാഗികമായേ കടകള്‍ തുറന്നുള്ളൂ. കേരള- എംജി- കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എല്‍.ഡി.എഫ് നടത്തുന്ന മേഖലാ ജാഥകളും മുല്ലപ്പള്ളി നടത്തുന്ന ജാഥയും ഇന്നുണ്ടായിരുന്നില്ല.

കിച്ചു എന്ന കൃപേഷ്, ജോഷി എന്നിവരെയാണ് കാസർകോട് പെരിയ കല്ല്യാട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണത്തിന്റെ മറവില്‍ ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള സമീപനമാണ് സര്‍ക്കാരിന്റേതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിഷ്ക്രിയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം സി.പി.എം ആരോപണം നിഷേധിച്ചു.